കരി ഓയില്‍ കേസിലെ പ്രതികള്‍ സാമൂഹ്യ സേവനത്തിലൂടെ മാതൃകയായി; എല്ലാം ക്ഷമിച്ച് കേശവേന്ദ്ര കുമാര്‍

കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്ര കുമാര്‍ ഐഎഎസ്. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കി. 2012 ഫെബ്രുവരിയിലാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനു മേല്‍ കരി ഓയില്‍ ഒഴിച്ചത്. ഓഫീസില്‍ കയറിയായിരുന്നു ആക്രമണം. കേസില്‍ പ്രതികളായ കെഎസ് യു പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനം ചെയ്ത് മാതൃകയായെന്നും അതിനാലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രതികളായവരുടെ മാതാപിതാക്കള്‍ കേസ് പിന്‍വലിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് കെഎസ് യു പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിനു നേരെ കരി ഓയില്‍ ഒഴിച്ചത്. ഓഫീസില്‍ കയറിയാണ് കരി ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കെഎസ് യു ജില്ലാ സെക്രട്ടറിയായിരുന്ന സിപി നൂറുദ്ദീന്‍ അടക്കം എട്ടു പേരായിരുന്നു പ്രതികള്‍. ഇവരെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2015ല്‍ കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഐഎഎസ് അസോസിയയേഷന്‍ എതിര്‍ക്കുകയായിരുന്നു. തന്നോട് ആലോചിക്കാതെയാണ് നിലപാട് സ്വീകരിച്ചതെന്ന വിയോജിപ്പ് കേശവേന്ദ്ര കുമാറും സ്വീകരിച്ചിരുന്നു.

Top