ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്… തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഇന്ന് ജീവിക്കാനായി ഓട്ടോ ഓടിക്കുന്നു…

ചിത്രം, കിലുക്കം, വന്ദനം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് മനോഹരമായി നിര്‍വഹിച്ച എഡിറ്റര്‍ നാരായണന്‍ എന്ന പ്രതിഭയെ അങ്ങനെ ആര്‍ക്കും അറിയില്ല… മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒരുപിടി നല്ല ചിത്രങ്ങളുടെ എഡിറ്റര്‍ നാരായണന്‍ ഇന്ന് ജീവിക്കാനായി ഓട്ടോ ഓടിക്കുകയാണ്. മകന്‍ ദര്‍ശന്റെ ജനനത്തോടെ ജീവിതം മാറിമറിഞ്ഞ നാരായണന്റെ ജീവിതകഥ ഇങ്ങനെ; ഡിജിറ്റല്‍ എഡിറ്റിംഗിന് തൊട്ടുമുമ്പുള്ള മാനുവല്‍ എഡിറ്റിംഗിന്റെ കാലത്ത് ഇഷ്ടം പോലെ പണിയുള്ള ഒരു അസോസിയേറ്റ് എഡിറ്ററായിരുന്നു നാരായണന്‍. തിരക്ക് പിടിച്ച് ഓടുന്നതിനിടയില്‍ 1995 ല്‍ ബന്ധുവായ ബാലാമണിയുമായുള്ള വിവാഹം. പിന്നീട് മകന്‍ ദര്‍ശന്റെ ജനനത്തോടെ ജീവിതം മറ്റൊരു പാതയിലേക്ക് നാരായണനെ തള്ളിവിട്ടു. ശരീരകോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ച എന്ന അസാധാരണ സാഹചര്യങ്ങളുമായി പിറന്ന മകന്‍ ദര്‍ശന് എല്ലാറ്റിനും സഹായം വേണ്ടി വന്നു. സംസാര ശേഷിയില്ലാത്ത മകനുമായി നാരായണന്‍ നാട്ടിലേക്ക് മടങ്ങി. 1998 ല്‍ തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചേര്‍ന്ന് ഡിജിറ്റല്‍ എഡിറ്റിംഗും വശമാക്കിയെങ്കിലും മകന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ നില്‍ക്കേണ്ട സ്ഥിതിയില്‍ 2001 ല്‍ നാരായണന്‍ സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ചു. വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരത്തിലുള്ള പയ്യന്നൂരിലെ എംആര്‍സിഎച്ച് സ്‌പെഷ്യല്‍ സ്‌കൂളിലാണ് ദര്‍ശന്‍ പഠിക്കുന്നത്. മകനെ കൊണ്ടുപോകാനും കൊണ്ടുവരാനുമായി ഓട്ടോറിക്ഷ വാങ്ങി. ഇടയ്ക്കിടെ പയ്യന്നൂരിലെ സ്റ്റുഡിയോകളില്‍ ചില്ലറ എഡിറ്റിംഗ് ചെയ്യും എന്നാലും ജീവിക്കാനായി ഇന്ന് പൊന്നമ്പാറാ ഓട്ടോ സ്റ്റാന്റില്‍ കിടന്നോടുന്ന ദര്‍ശന്‍ എന്ന ഓട്ടോയുടെ ഡ്രൈവറാണ് ഈ മികവുറ്റ കലാകാരന്‍. ബാബു തിരുവല്ലയുടെ തനിയെ എന്ന സിനിമയുടെ എഡിറ്റിംഗാണ് ഏറ്റവും അവസാനമായി നാരായണന്‍ ചെയ്തത്. പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ പലതും നാരായണന്റെ കൈപതിഞ്ഞ് സ്‌ക്രീനിലെത്തിയതാണ്. ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും വൈശാലിയും വേണുനാഗവള്ളിയുടെ ഏയ് ഓട്ടോ, ആയിരപ്പറ, ലാല്‍സലാമും ടിവി ചന്ദ്രന്റെ പൊന്തന്‍മാടയും ഡാനിയും പ്രിയദര്‍ശന്റെ ഏതാനും ഹിന്ദി ചിത്രങ്ങള്‍ വരെ ഈ കലാകാരന്റെ കൈകളിലൂടെ കടന്നുപോയതാണ്.

Latest
Widgets Magazine