കുമ്മനത്തെ തെറിപ്പിക്കാൻ സ്മ്മർദ നീക്കം: കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായേക്കും; ബിജെപിയിൽ വൻ പൊട്ടിത്തെറി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും കുമ്മനം രാജശേഖരനെ തെറിപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാനുള്ള നീക്കവുമായി കേരളത്തിലെ ബിജെപിയിലെ ഒരു വിഭാഗം. സംസ്ഥാനത്ത് ബിജെപിയിൽ നിന്നും വൻതോതിൽ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നു എന്ന പ്രചാരണം ശക്തമാക്കിയാണ് ഇപ്പോൾ ബിജെപി നേതൃത്വം കുമ്മനം സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനുകൂല സാഹചര്യങ്ങൾ പോലും ഉപയോഗിക്കാൻ കഴിയാത്ത സംസ്ഥാന നേതൃത്വത്തോട് പല നേതാക്കൾക്കും കടുത്ത അതൃപ്തിയാണ്. അത് കൊണ്ട് തന്നെ പ്രാദേശികമായ കൊഴിഞ്ഞു പോക്കിനെ തടയാൻ പല നേതാക്കളും ശ്രമിക്കുന്നില്ല.സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രവർത്തകരാണ് അടുത്തിടെയായി പാർട്ടി വിടുകയോ നിഷ്‌ക്രിയരാകുകയോ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുമ്മനം രാജശേഖരൻ ബിജെപിയുടെ സംസ്ഥാന അദ്യക്ഷൻ എന്ന നിലയിൽ ഒരു പരാജയമാണ് എന്ന വികാരം പല പ്രവർത്തകരും പങ്ക് വയ്ക്കുന്നു.കേരളത്തിൽ ബിജെപിക്ക് വളരാൻ ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ കഴിയാത്തത് കുമ്മനം രാജശേഖരൻ കൃത്യമായി ഇടപെടാത്തതു കൊണ്ടാണ് എന്ന് ഒരുവിഭാഗം പരസ്യമായി പറയുന്നു. കുമ്മനം രാജശേഖരൻ മുകളിൽ നിന്നും കെട്ടിയിറക്കിയ നേതാവാണ് എന്നും ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിച്ചു നേതാവായ കെ.സുരേന്ദ്രനെ ഈ അവസരത്തിൽ സംസ്ഥാന പ്രസിഡണ്ട് ആക്കണമെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

സോളാർ വിഷയത്തിലും തോമസ് ചാണ്ടി വിഷയത്തിലും കൃത്യമായി ഇടപെട്ട് വലിയ മുന്നേറ്റം നടത്താമായിരുന്നു എന്നും എന്നാൽ ഈ വിഷയത്തിൽ ഭരണ കക്ഷിയായ സിപിഐ കാണിച്ച ജാഗ്രത പോലും ബിജെപി നേതൃത്വം കാട്ടിയില്ല എന്നും പ്രവർത്തകരിൽ അഭിപ്രായമുണ്ട്.

സംസ്ഥാന അദ്യക്ഷൻ  മുതൽ കേന്ദ്ര മന്ത്രിവരെ മുകളിൽ നിന്നും കെട്ടിയിറക്കിയവരാണ് എന്നത് ബിജെപി നേതാക്കളെയും അസ്വസ്ഥരാക്കുന്നു.

ബിജെപിക്ക് ഏറ്റവും അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും അത് വിനിയോഗിക്കുവാൻ കഴിവില്ലാത്തവരാണ് സംസ്ഥാന നേതൃത്വം എന്ന് പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടുന്നു.ജീവൻ പോലും നിസ്സാരമായി കണ്ട് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവരെ വിശ്വാസത്തിൽ എടുക്കാതെ സുരേഷ് ഗോപിയെയും അൽഫോൻസ് കണ്ണന്താനത്തെയും പോലുള്ളവർക്ക് അധികാര സ്ഥാനങ്ങൾ നൽകുന്നു. എന്നാൽ ഇവർക്ക് ഇവിടുത്തെ പാർട്ടി സംഘടനയെ ശക്തമാക്കുവാനോ നയിക്കുവാനോ ഉള്ള കഴിവില്ല. കഷ്ടപ്പെടുവാനും ജീവൻ കളയാനും കുറച്ചുപേരും അധികാരം നേടാൻ എങ്ങുനിന്നോ വന്നവരും എന്ന രീതിക്ക് മാറ്റം വരാതെ ഇവിടെ ബിജെപി രക്ഷപ്പെടില്ല എന്നും ഇവർ പറയുന്നു.

ഏക എംഎൽഎയായ രാജഗോപാൽ നിയമസഭയിൽ വേണ്ട രീതിയിൽ ഇടപെടുന്നില്ല എന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.നിയമസഭയിൽ ഇടതുപക്ഷത്തിനെതിരെ കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്നതിലും കേരളം ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാനോ ജനോപകാരപ്രദമായ ബില്ലുകൾ അവതരിപ്പിക്കാനോ രാജഗോപാലിന് കഴിഞ്ഞില്ല എന്നതും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പോലും സംസ്ഥാന നേതൃത്വത്തിന് ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പാർട്ടിയിലെ ചെറുപ്പക്കാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ചില നേതാക്കൾക്കെതിരെ നടപടിയെടുത്തതും പ്രവർത്തകരെ അസ്വസ്ഥരാക്കി.

പ്രാദേശിക നേതാക്കളുടെ അഴിമതിയും ധാർഷ്ട്യവും പാർട്ടിയെ പൊതുജനത്തിൽ നിന്നും അകറ്റുന്നു എന്ന പരാതിയും വ്യാപകമാണ്. എന്നാൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതിലും ചില പ്രദേശങ്ങളിലെ പ്രവർത്തകരിൽ അമർഷമുണ്ട്.

വരും ദിവസങ്ങളിൽ നേതാക്കൾ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർ പാർട്ടി വിടും എന്നാണു പാർട്ടി വിട്ടവർ പറയുന്നത്. ഇനിയും നിഷ്‌ക്രിയ നേതൃത്വവുമായി മുന്നോട്ടു പോകുകയാണ് പാർട്ടി എങ്കിൽ പല പ്രദേശങ്ങളിലും പാർട്ടിക്ക് അണികളില്ലാതാകും.

കുമ്മനത്തെ മാറ്റി കെ.സുരേന്ദ്രനെ സംസ്ഥാന അദ്യക്ഷൻ ആക്കുവാനുള്ള സമ്മർദമാണ് ഇപ്പോൾ നടക്കുന്നത്.കുമ്മനം രാജശേഖരൻ സംസ്ഥാന അദ്യക്ഷൻ എന്ന നിലയിൽ ഒരു പരാജയം ആണെന്നും അദ്ദേഹത്തിന് പകരം കെ.സുരേന്ദ്രൻ ആ സ്ഥാനത്തേക്ക് വരണം എന്നും കേന്ദ്ര നേതൃത്വത്തിന് ചില നേതാക്കൾ സൂചന നൽകിയിട്ടുണ്ട്.

Top