പകപോക്കലുമായി ദിലീപ് ;ലിബര്‍ട്ടി ഉള്‍പ്പെടെ 25 തീയേറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങളില്ല; തീക്കളിയെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി :പകപോക്കലുമായി ദിലീപ് സിനിമ വ്യവസായത്തില്‍ പിടിമുറുക്കുന്നു.ലിബര്‍ട്ടി ഉള്‍പ്പെടെ 25 തീയേറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങള്‍ കൊടുക്കാതെ ദിലീപിന്റെ പക്പോക്കല്‍ നടത്തുന്നതിനെ തീക്കളിയെന്ന് ലിബര്‍ട്ടി ബഷീര്‍ മുന്നറിയിപ്പ് നല്‍കി .ദിലീപ് കഴിഞ്ഞ കാലം എളുപ്പം മറക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങളാ’ണ് വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയത്. പക്ഷേ സമരത്തിന് കാരണക്കാരായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഇരുപത്തഞ്ചോളം തീയേറ്ററുകള്‍ക്ക് വിതരണക്കാര്‍ സിനിമ നല്‍കിയിട്ടില്ല. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തേണ്ട മോഹന്‍ലാല്‍ ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും’ ഈ 25 തീയേറ്ററുകള്‍ക്ക് നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരി ലിബര്‍ട്ടി പാരഡൈസ് ഉള്‍പ്പെടെ 25 തീയേറ്ററുകള്‍ക്കാണ് ‘ജോമോനും’ ‘മുന്തിരിവള്ളികളും’ നല്‍കേണ്ടെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരിക്കുന്നത്. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നീ ഏഴ് സ്‌റ്റേഷനുകളിലെ തീയേറ്ററുകളെയാണ് ഒഴിവാക്കിയത്. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പുതിയ സംഘടനയോട് വിഷയം സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പറയുന്നു ലിബര്‍ട്ടി ബഷീര്‍. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലന്റെ സാന്നിധ്യത്തില്‍ 25 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതില്ലാത്തപക്ഷം ഫെഡറേഷന്റെ ജനറല്‍ബോഡി വിളിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും പറഞ്ഞു. എതിരഭിപ്രായമുള്ളവര്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിന് പകരം ഏകപക്ഷീയമായ നിലപാടാണ് ദിലീപ് സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തുന്നു ലിബര്‍ട്ടി ബഷീര്‍.liberty-b
ഒരു മാസത്തോളം നീണ്ട സമരത്തിന് ഉത്തരവാദികളായ ഫെഡറേഷന്‍ നേതാക്കള്‍ക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സൂചനയുണ്ട്. നേരത്തേ ഫെഡറേഷന്‍ നേതാക്കള്‍ക്ക് സിനിമ നല്‍കാതെ ദിലീപിന്റെ നേതൃത്വത്തില്‍ പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് കാട്ടി ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.ഫെഡറേഷനെ പിളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. കോംപ്രമൈസിന് നോക്കിയില്ല. ഗതികെട്ട അവസരങ്ങളില്‍ ദിലീപിനെ സഹായിച്ചിട്ടുള്ളവരാണ് തീയേറ്ററുകാര്‍. പണ്ട് ലോഹിതദാസിന്റെ ജോക്കര്‍ തീയേറ്ററുകളിലെത്തിക്കാന്‍ തടസമുണ്ടായിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം. ഫെഡറേഷനും ചേംബറും കൂടിയാണ് അന്ന് ആ സിനിമ ഇറക്കിക്കൊടുത്തത്. മറ്റൊരു സമയത്ത് ദിലീപിനെ വെച്ച് സിനിമ ചെയ്യാന്‍ ചേംബറിന്റെ വിലക്കുണ്ടായിരുന്നു. ബഷീര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ നല്‍കാതെ എങ്ങനെയും ബഷീറിനെയും സമരക്കാരെയും മുട്ടുകുത്തിച്ച് കാല്‍ക്കീഴിലാക്കുക എന്ന തന്ത്രമാണ് ദിലീപ് പയറ്റുന്നത്.

Top