സൂര്യഗായത്രിയ്ക്ക് സോഷ്യല്‍മീഡിയയില്‍ 15 കോടിയിലേറെ ആരാധകര്‍…

വടകര: സൂര്യഗായത്രി കേരളക്കരയ്ക്ക് പ്രിയങ്കരിയായ ഗായികയാണ്. യുട്യൂബില്‍ ഈ 12 വയസ്സുകാരിയ്ക്ക് 15 കോടിയിലേറെ വരും ആരാധകര്‍. സൂര്യഗായത്രി പാടി ഹിറ്റാക്കിയത് ഭക്തിരസം തുളുമ്പുന്ന ഭജനകളും കീര്‍ത്തനങ്ങളുമാണ്. കോഴിക്കോട് വടകരയില്‍ നിന്നാണ് ഈ മാധുര്യം തുളുമ്പുന്ന ശബ്ദം ഉയര്‍ന്നത്. ഭക്തകവി തുളസീദാസിന്റെ ‘ഹനുമാന്‍ ചാലീസ’ സാക്ഷാല്‍ എംഎസ് സുബ്ബലക്ഷ്മി പാടി ഹിറ്റാക്കിയ സ്‌തോത്രഗീതമാണ്. സൂര്യഗായത്രി തന്റെ കുട്ടിശബ്ദത്തില്‍ ഹനുമാന്‍ ചാലീസ പാടിയപ്പോള്‍ കണ്ടത് 2.4 കോടി ആളുകളാണ്.

സുബ്ബലക്ഷ്മിയുടെ ഹനുമാന്‍ ചാലീസയുടെ യുട്യൂബിലെ ഏറ്റവും പ്രചാരമുള്ള വിഡിയോയ്ക്ക് ആസ്വാദകര്‍ ആറു ലക്ഷത്തില്‍ താഴെ. സുബ്ബലക്ഷ്മി പാടിയ ‘ജയ ഗണേശ ജയ ഗണേശ…’ എന്നു തുടങ്ങുന്ന ‘ഗണേശ പഞ്ചരത്‌നം’ യുട്യൂബില്‍ ആസ്വദിച്ചവര്‍ 10 ലക്ഷം മാത്രമാണെങ്കില്‍ സൂര്യഗായത്രി അതു പാടിയപ്പോള്‍ കണ്ടവര്‍ 1.8 കോടി… പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു സാധാരണ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. കളിച്ച് ചിരിച്ച് നടക്കുമ്പോഴും തന്റെ കൂട്ടുകാരി ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഗായികയാണെന്ന് പലകൂട്ടുകാര്‍ക്കും അറിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുബ്ബലക്ഷ്മിയുടെ പിന്‍തുടര്‍ച്ചക്കാരിയെന്നും ‘ജൂനിയര്‍ എംഎസ്’ എന്നുമൊക്കെ ഈ പ്രതിഭയെ വിശേഷിപ്പിക്കുന്നുവെന്ന കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല. ഒരു റിയാലിറ്റി ഷോയിലും സൂര്യഗായത്രി പങ്കെടുത്തിട്ടില്ല. അവാര്‍ഡ് നൈറ്റുകളിലോ സ്റ്റേജ് ഷോകളിലോ പാടിയിട്ടുമില്ല. മല്‍സരിക്കാനില്ലെന്നു തീരുമാനിച്ച് സ്‌കൂള്‍ കലോല്‍സവങ്ങളിലും പങ്കെടുക്കാറില്ല. പുതിയ ഗായകര്‍ സൃഷ്ടിക്കപ്പെടുന്നത് ഇത്തരം വേദികളിലാണെന്നു കരുതുന്നവര്‍ക്കു മുന്നില്‍ മാതൃകയാണ് ഈ കുട്ടി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തുമായി മുന്നൂറോളം ഭജനസന്ധ്യകളാണ് ഈ ചെറുപ്രായത്തിനിടയില്‍ സൂര്യഗായത്രി നടത്തിയിട്ടുള്ളത്. ഇവയില്‍ പതിനഞ്ചില്‍ താഴെ സംഗീതപരിപാടികള്‍ മാത്രമേ കേരളത്തില്‍ നടന്നിട്ടുള്ളൂ എന്നതു വിചിത്രമായി തോന്നിയേക്കാം. അതിലുമേറെയുണ്ട് വിദേശത്ത്.

ദുബായ്, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് തുടങ്ങിയ രാജ്യങ്ങളിലായി ഇരുപതോളം സൂര്യസംഗീത വേദികള്‍. മൃദംഗം കലാകാരനായ അച്ഛന്‍ പിവി അനില്‍കുമാറാണ് മകള്‍ക്കു സ്റ്റേജിലെ കൂട്ട്. വയലിനില്‍ ഇളയച്ഛന്‍ സനില്‍കുമാറുമുണ്ടാവും. തബല വായിക്കുന്നത് പ്രശാന്ത് നിട്ടുര്‍. റിഥം പാഡുമായി ശൈലേഷ് മാരാര്‍.”സൂര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു വിളിക്കുന്നവരോട് അടുത്തുനടക്കുന്ന ഏതെങ്കിലും സംഗീതപരിപാടികള്‍ക്കു വരാനാണു പറയാറ്. അപരിചിതരായവര്‍ക്കു വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാറില്ല. പക്ഷേ, അവര്‍ എങ്ങനെയെങ്കിലും വഴി കണ്ടുപിടിച്ചു വരും.” സൂര്യയുടെ അമ്മ ദിവ്യ പറയുന്നു.‘ഒരു ദിവസം, ഇരുട്ടിത്തുടങ്ങിയ സമയത്ത് ചെന്നൈയില്‍ നിന്നൊരാള്‍ വന്നു. അറുപതു വയസ്സിനടുത്തു പ്രായം വരും. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ടാക്‌സി പിടിച്ച് എങ്ങനെയൊക്കെയോ വീടു തപ്പിപ്പിടിച്ച് ഇവിടെ എത്തി. തന്റെ കൊച്ചുമകളാണ് സൂര്യയെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത് ഹോട്ടലുണ്ടാവുമെന്നു പ്രതീക്ഷിച്ചാണ് ആളു വന്നത്. ഒടുവില്‍ ഇവിടെത്തന്നെ താമസിപ്പിക്കേണ്ടി വന്നു.”

 

Top