ബിപിന്‍ റാവത്ത് കരസേന മേധാവി ബി.എസ്.ധനോവ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: രാജ്യത്തിന് പുതിയ കര, വ്യോമസേന മേധാവികള്‍. ലെഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു.കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗും വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയും 31നു വിരമിക്കുന്ന ഒഴിവുകളിലാണ് പുതിയ നിയമനങ്ങള്‍. ഡിസംബര്‍ 31ന് ഇരു മേധാവികളും സ്ഥാനമേല്‍ക്കുമെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്റിലൂടെ അറിയിച്ചു.

1980ലെ ജാര്‍ഖണ്ഡ് കേഡര്‍ ഐപിഎസ് ഓഫീസറും നിലവില്‍ ഐബിയിലെ സ്പെഷല്‍ ഡയറക്ടറുമായ രാജീവ് ജയിനെ ഐബി ഡയറക്ടറായി നിയമിച്ചു. 1981 മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ എ.കെ. ദസ്മാനയാണ് റോ ഡയറക്ടര്‍.

ഉത്തരാഖണ്ഡിലെ പൗരിഗഡ്വാളില്‍ ജനിച്ച ലഫ്. ജന.റാവത്ത് ഗൂര്‍ഖാ റൈഫിള്‍സ് അംഗമായാണ് കരസേനയിലെത്തിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്കോംഗോയിലെ ബഹുരാഷ്ട്ര സേനയെ നയിച്ച ഇദ്ദേഹം ദേശീയ സുരക്ഷ, നേതൃത്വം തുടങ്ങിയവയെപ്പറ്റി നിരവധി പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. എംഫില്‍, പിഎച്ച്ഡി ബിരുദങ്ങളും നേടി. എയര്‍മാര്‍ഷല്‍ ബീരേന്ദ്രസിംഗ് ധനോവ വ്യോമസേനാ ഉപമേധാവിയാകും മുമ്പ് ദക്ഷിണ–പശ്ചിമ വ്യോമ കമാന്‍ഡിന്റെ മേധാവിയായിരുന്നു. പഞ്ചാബിലെ എസ്എഎസ് നഗറില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവും വ്യോമസേനാ ഓഫീസറായിരുന്നു. പിതാമഹന്‍ ബ്രിട്ടീഷ്–ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്നു. 1978–ല്‍ വ്യോമസേനയില്‍ ചേര്‍ന്നു.

രണ്ടുപേരെ മറികടന്നാണ് ല ഫ്. ജന. റാവത്തിനെ കരസേനാ മേധാവിയാക്കിയത്. ഈസ്റ്റേണ്‍ കമാന്‍ഡിന്റെ മേധാവി ലഫ്. ജന.പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡിന്റെ മേധാവി ലഫ്.ജന. പി.എം.ഹാരിസ് എന്നിവരെ മറികടന്നാണ് നിയമനം. ബക്ഷി ഈമാസാവസാനം വിരമിക്കും. ലഫ്. ജന. റാവത്തിനു കാഷ്മീര്‍, ചൈന അതിര്‍ത്തികളിലും വിദേശത്തുമുള്ള പരിചയസമ്പത്ത് നിയമനത്തില്‍ പരിഗണിക്കപ്പെട്ടു.

1983–ല്‍ ലഫ്.ജന. എസ്.കെ.സിന്‍ഹയെ മറികടന്ന് ലഫ്. ജന. എ.എസ്.വൈദ്യയെയും 1972–ല്‍ ല ഫ്.ജന.പി.എസ്.ഭഗതിനെ ഒഴിവാക്കി ലഫ്. ജന. ജി. ജി.ബേവൂറിനെയും നിയമിച്ച ചരിത്രമുണ്ട്. ഐബി, റോ തലവന്മാര്‍ക്ക് രണ്ടുവര്‍ഷംവീതം കാലാവധിയുണ്ടാകും.

കാഷ്മീര്‍ കാര്യത്തില്‍ വിദഗ്ധനാണ് ഐബി തലവന്‍ രാജീവ് ജയിന്‍. നേരത്തേ എന്‍ഡിഎ ഭരിച്ചിരുന്നപ്പോള്‍ കാഷ്മീര്‍ വിഘടനവാദികളുമായുള്ള ചര്‍ച്ച നടത്തിവന്ന കെ.സി. പന്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിദേശ ചാരസംഘടനയായ റോയുടെ തലവനാകുന്ന ധസ്മാന ഏറെക്കാലം പാക്കിസ്‌ഥാന്‍ കാര്യങ്ങള്‍ നോക്കിയിരുന്നയാളാണ്. 23 വര്‍ഷം റോയില്‍ പ്രവര്‍ത്തിച്ചു.

കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്കു പുതിയ മുഴുവന്‍ സമയ മേധാവിയെ നിയമിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവായ കോണ്‍ഗ്രസിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ഈ മാസം 26നു യോഗം ചേരും.

സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ വിരമിച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ രാകേഷ് അസ്താനയ്ക്കു കഴിഞ്ഞയാഴ്ച താത്കാലിക ചുമതല നല്‍കിയിരുന്നു.

പത്തു വര്‍ഷത്തിനിടെ സിബിഐ തലപ്പത്ത് ഇതാദ്യമായാണ് സ്‌ഥിരം നിയമനം നടത്താതെ ഒരാള്‍ക്ക് അധിക ചുമതല നല്‍കിയത്. അസ്താനയുടെ സീനിയര്‍ ആയ സ്പെഷല്‍ ഡയറക്ടര്‍ ആര്‍.കെ. ദത്തയെ സിബിഐയില്‍നിന്ന് ആഭ്യന്തര മന്ത്രാലയത്തിലേക്കുസ്‌ഥലം മാറ്റിയാണു രാകേഷ് അസ്താനയെ സിബിഐയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത്.

Latest
Widgets Magazine