ജനാധിപത്യത്തിന്റെ കാവല്‍ക്കാരനെയാണ് നഷ്ടമായത് : മുഖ്യമന്ത്രി

തിരുവനന്തപുരം :എക്കാലവും ജനപക്ഷത്തുനിന്ന് സാമൂഹ്യബോധത്തോടെ നിയമം കൈകാര്യംചെയ്ത പ്രഗത്ഭനായ അഭിഭാഷകനായിരുന്നു എം കെ ദാമോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിസ്വജനവിഭാഗത്തിന് നീതി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക നിഷ്കര്‍ഷയുണ്ടായിരുന്നു.വിദ്യാര്‍ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം അഭിഭാഷകജീവിതത്തിലുടനീളം ഇടതുപക്ഷ രാഷ്ട്രീയരംഗത്ത് ഉറച്ചുനിന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അഡ്വക്കറ്റ് ജനറലായി നല്‍കിയ സേവനം എന്നും സ്മരിക്കപ്പെടും.കേരളത്തിന്റെ നീതിന്യായമേഖലയ്ക്ക് വലിയ നഷ്ടമാണ് ഈ വേര്‍പാട്.  അഭിഭാഷകവൃത്തിയില്‍ നൈതികവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നീതിന്യായ രംഗത്തിന്റെ പൊതുവായ അന്തസ്സും വിശ്വാസ്യതയും പരിരക്ഷിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യമുള്ളതാണ്.

നിയമസാങ്കേതികത്വത്തിനപ്പുറത്ത് സാമൂഹികവും ധാര്‍മികവുമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് നിയമവ്യാഖ്യാനങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതിന് അദ്ദേഹം ശ്രമിച്ചു. എത്രയോ കാലം മുമ്പേ അദ്ദേഹത്തിന് ജഡ്ജിയായി പോകാമായിരുന്നു. അത്തരം സാധ്യതപോലും ഉപേക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു അഭിഭാഷകവൃത്തിയോടുള്ള ആ പ്രതിബദ്ധത. കോടതിമുറിയും ജയില്‍മുറിയും ഒരേപോലെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സ്ഥാനങ്ങളാക്കിയ ചരിത്രമാണ് എം കെ ദാമോദരനുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടു എന്നതിന്റെ പേരില്‍ മിസ തടവുകാരനായി ജയിലിലടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ഘട്ടത്തില്‍ ആ കാലത്ത് പീഡിപ്പിക്കപ്പെട്ട ജനാധിപത്യ പോരാളികള്‍ക്ക് നിയമസംരക്ഷണം നല്‍കുന്നതിനുള്ള വേദിയായി കോടതിമുറിയെ പ്രയോജനപ്പെടുത്തിയ ചരിത്രവും അദ്ദേഹത്തിന്റേതാണ്.

വിദ്യാര്‍ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തേക്കുവന്ന എം കെ എക്കാലവും ജനങ്ങള്‍ക്കും ജനാധിപത്യത്തിനും നിസ്വജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതിക്കും വേണ്ടി പൊരുതി. അഭിഭാഷകവൃത്തിയില്‍ ഉടനീളം സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എല്ലാ അര്‍ത്ഥത്തിലും ജനപക്ഷ അഭിഭാഷകന്‍ എന്ന് വിശേഷിപ്പിക്കാം. അഗാധമായ നിയമപാണ്ഡിത്യം, മൌലികമായ നിയമ വ്യാഖ്യാനശേഷി എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ജുഡീഷ്യറിക്കാകെ പുതിയ വീക്ഷണത്തിന്റെ വെളിച്ചം തന്റെ വാദങ്ങളിലൂടെ അദ്ദേഹം പകര്‍ന്നുനല്‍കി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രവര്‍ത്തകരും വേട്ടയാടപ്പെട്ട സന്ദര്‍ഭങ്ങളിലൊക്കെ അവര്‍ക്ക് നീതി നേടിക്കൊടുക്കുന്നത് അര്‍പ്പണബോധത്തോടെയുള്ള ജീവിതചര്യയാക്കി അദ്ദേഹം മാറ്റി. അതാകട്ടെ നമ്മുടെ ജനാധിപത്യത്തെ ശ്രദ്ധേയമാംവിധം ശക്തിപ്പെടുത്തുന്ന വിധത്തിലുമായി. അഭിഭാഷകരംഗത്ത് പല തലമുറകള്‍ക്ക് ഗുരുവായിരുന്നു എം കെ ദാമോദരന്‍.

 

Latest
Widgets Magazine