മഴക്കെടുതി; കേരളത്തിന് അടിയന്തിര സഹായം വേണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ മോദി

ദില്ലി: കനത്ത മഴയില്‍ കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ സംസ്ഥാനത്തിന് അടിയന്തിര സഹായം അനുവദിക്കണമെന്ന് ജോസ് കെ മാണി എം പി  ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് സർവ്വകക്ഷി യോഗത്തിൽ മോദി പ്രതികരിച്ചില്ല. അതേസമയം എല്ലാ വിഷയങ്ങളിലും ചർച്ച നടത്താമെന്നും മുത്തലാഖ് ബിൽ പാസാക്കണമെന്നും നരേന്ദ്ര മോദി സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.  കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നു.

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായത്.  ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ്ദവും അന്തരീക്ഷ ചുഴിയും ഒന്നിച്ചെത്തിയതോടെ സംസ്ഥാനം നേരിട്ടത് കടുത്ത മഴക്കെടുതികളാണ്. ജൂലൈ 19 ന്യൂന മര്‍ദ്ദം വീണ്ടും രൂപം കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കനത്ത മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ട് ജീവനാണ് പൊലിഞ്ഞത്. മൂന്നു പേരെ കാണാതായി. സംസ്ഥാനത്ത് എട്ടുകോടി രൂപയുടെ നാശ നഷ്ടമുണ്ടായെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.  കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. പമ്പയും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണുള്ളത്.കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. എറണാകുളത്ത് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 16 ശതമാനം അധിക മഴ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ കാലയളവി‍ൽ കിട്ടേണ്ട ശരാശരി മഴയായ 105 സെന്റീമീറ്ററിന്റെ സ്ഥാനത്ത് 122 സെന്‍റി മീറ്റര്‍ മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച എറണാകുളത്തും കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിലുമാണ് റെക്കോഡ് മഴ പെയ്തത്. 23 സെന്റീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.

Top