ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; മാതാപിതാക്കള്‍ ഉപേക്ഷിച്ചത് പെണ്‍കുഞ്ഞായതിനാലെന്ന് പൊലീസ്

ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. ചവറ്റുകൂനയില്‍ നിന്നുമാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പെണ്‍കുഞ്ഞായതിനാലാകാം മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ദീരജ് റാത്തോര്‍ എന്ന യുവാവാണ് കുഞ്ഞിനെ രക്ഷിച്ചത്. ചവറ്റു കൂനയ്ക്ക് സമീപത്തൂടെ നടന്നു നീങ്ങുമ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് ശ്രദ്ധിച്ചതെന്ന് റോത്തോര്‍ പറയുന്നു. നോക്കുമ്പോള്‍ ശരീരമാകെ ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും ഉറുമ്പുകളെ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റോത്തോര്‍ പറയുന്നു.
223
കുഞ്ഞിന്റെ നില അപകടകരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞിന് 1.58 കിലോ മാത്രമാണ് ഭാരം. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. ശാരീരികമായി കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടാകാമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളോടുള്ള ക്രൂരത ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്നും തുടരുകയാണ്. ആണ്‍കുട്ടിയെ പ്രതീക്ഷിച്ച്, പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ ഉപേക്ഷിക്കുന്ന അവസ്ഥയാണ് പലയിടത്തും ഉള്ളത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹം കഴിച്ചയക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന സ്ത്രീധനവുമാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം.

Top