ലൈംഗിക ആരോപണം: അമേരിക്കന്‍ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡ് രാജിവെച്ചു

വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവെച്ചത്. ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ലൈംഗിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ബിഷപ്പ് രാജിവെച്ചത്. ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി.

2012ലും ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ആണ് അന്ന് ആരോപണമുണ്ടായത് എന്നാല്‍ താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വൂറലും രാജിയുടെ വക്കിലാണ്. ആര്‍ച്ച് ബിഷപ് തിയോഡര്‍ മക് കാരിക് സെമിനാരി വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതി മൂടിവെച്ചു എന്നാണ് ഡൊണാള്‍ഡ് വൂറല്‍ നേരിടുന്ന ആരോപണം. അടുത്തുതന്നെ വത്തിക്കാനിലെത്തി രാജി സംബന്ധിച്ച് പോപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഡൊണാള്‍ഡ് വൂറല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top