ജോലി ചെയ്യാനെത്തി നിയമകുരുക്കളിൽ കുടുങ്ങി; സോഫിയ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരികെ മടങ്ങി

സ്വന്തം ലേഖകൻ
ദമ്മാം: ബ്യൂട്ടീഷ്യൻ ജോലിയ്ക്കായി എത്തിയെങ്കിലും, സ്‌പോൺസർ കൊണ്ടുപോകാൻ തയ്യാറാകാത്തതിനാൽ, ദമ്മാം എയർപോർട്ടിൽ നിന്നും വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഹൈദരാബാദ് സ്വദേശിനിയായ സോഫിയയ്ക്കാണ് വിചിത്രമായ അനുഭവങ്ങൾ നേരിടേണ്ടി വന്നത്. ദമ്മാമിലെ ഒരു ബ്യൂട്ടിപാർലറിൽ  ബ്യൂട്ടീഷ്യൻ ജോലി ചെയ്യാനായി ഭർത്താവിനൊപ്പമാണ് സോഫിയ നാട്ടിൽ നിന്നും ദമ്മാം എയർപോർട്ടിൽ എത്തിയത്. അതെ ബ്യൂട്ടിപാർലറിൽ ഡ്രൈവറുടെ ജോലിയ്ക്കുള്ള വിസ ഭർത്താവിന് ഉണ്ടായിരുന്നു. എന്നാൽ എയർപോർട്ടിലെ എമിഗ്രെഷൻ വിഭാഗം പരിശോധന നടത്തിയപ്പോൾ, സോഫിയയുടെ ഭർത്താവ് പണ്ടൊരിയ്ക്കൽ വേറൊരു കമ്പനിയുടെ വിസയിൽ സൗദിയിൽ ജോലി ചെയ്യുകയും, വെക്കേഷന് പോയിട്ട് തിരികെ വരാത്തത് കാരണം ബാൻ ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് എന്ന് കാണുകയുണ്ടായി. തുടർന്ന് അയാളെ സൗദി അധികാരികൾ എയർപോർട്ടിൽ നിന്ന് തന്നെ നാട്ടിലേയ്ക്ക് തിരികെ കയറ്റിവിടുകയും,  സോഫിയ എയർപോർട്ടിൽ ഒറ്റയ്ക്കാവുകയും ചെയ്തു.
 വിവരങ്ങൾ അറിഞ്ഞ സ്‌പോൺസർ സോഫിയയെ കൊണ്ടുപോകാൻ വന്നില്ല. പാവം സോഫിയയ്ക്ക് രണ്ടു ദിവസം എയർപോർട്ടിൽ കഴിയേണ്ടി വന്നു. അവരുടെ ദയനീയാവസ്ഥ കണ്ട എയർപോർട്ടിലെ ചില പോലീസ് ഉദ്യോഗസ്ഥർ, നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ ഫോൺ ചെയ്ത് വിവരം അറിയിച്ചു. മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവർത്തകരും എയർപോർട്ടിൽ എത്തുകയും, പോലീസിന്റെ സഹായത്തോടെ സോഫിയയെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിയ്ക്കുകയും ചെയ്തു.
മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവർത്തകരും  വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം,  സോഫിയയുടെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. തന്നെ സോഫിയയുടെ ഭർത്താവ് നാട്ടിൽ നിന്നും വിളിച്ചിരുന്നു എന്നും, ഒറ്റയ്ക്ക് സോഫിയയെ ജോലിയ്ക്ക് നിർത്താൻ താത്പര്യമില്ലെന്നും പറഞ്ഞ സ്‌പോൺസർ, സോഫിയയുടെ ഒരു കാര്യത്തിലും ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. നാട്ടിലേയ്ക്ക് തിരികെ പോകണമെന്ന നിലപാടായിരുന്നു സോഫിയയും എടുത്തത്. തുടർന്ന് മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം വഴി സോഫിയയ്ക്ക് ഫൈനൽ എക്‌സിറ്റ് അടിച്ചു വാങ്ങി. സോഫിയയ്ക്കുള്ള വിമാനടിക്കറ്റ് അവരുടെ ഭർത്താവ് നാട്ടിൽ നിന്നും അയച്ചു കൊടുത്തു.
മഞ്ജുവിനൊപ്പം നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷിബുകുമാർ,ഉണ്ണി പൂച്ചെടിയൽ, ശരണ്യ ഷിബു എന്നിവർ വേണ്ട സഹായങ്ങൾ ചെയ്തു.  നിയമനടപടികൾ വേഗം പൂർത്തിയാക്കി സോഫിയ നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: സോഫിയയ്ക്ക് നവയുഗം ജീവകാരുണ്യപ്രവർത്തക ശരണ്യഷിബു യാത്രരേഖകൾ കൈമാറുന്നു.
Latest
Widgets Magazine