നടിയുടെ കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം

നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് സുനിക്ക് ജാമ്യം നല്‍കിയത്. യുവനടിയെ അപമാനിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ കേസിലല്ല ജാമ്യം. 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് കോടതിയുടെ നടപടി. എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത മറ്റ് നാല് പ്രതികളെയും നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ജൂലൈയിലാണ്. നിര്‍മാതാവിന്റെ ഭാര്യയായ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തലനാരിഴക്കാണ് അന്ന് നടി രക്ഷപ്പെട്ടത്.

പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘമാണ് മുമ്പ് മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് കഴിഞ്ഞ ജൂലൈയിലാണ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത് നാല് പേരാണെന്നാണ് പോലീസിന് ആദ്യം ലഭ്യമായ സൂചന. പക്ഷേ സുനി ഉള്‍പ്പെടെ അഞ്ച് പേരുണ്ടെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. ഈ സമയം പള്‍സര്‍ സുനി കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാക്കനാട് ജയിലിലായിരുന്നു. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നടിയെ ഹോട്ടലില്‍ എത്തിക്കാമെന്ന വ്യാജേനയായിരുന്നു സുനിയും സംഘവും പദ്ധതി തയ്യാറാക്കിയത്. ഒരു യുവ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീരുമാനം. പക്ഷേ ആ നടി വന്നില്ല. എത്തിയത് മറ്റൊരു മുതിര്‍ന്ന നടി. ടെമ്പോ ട്രാവലറില്‍ കയറിയപ്പോള്‍ വാഹനം മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു. ഈ സമയം നടി നിര്‍മാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറി കുറഞ്ഞ വാടകക്ക് തരാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ ഒരാള്‍ സമീപിച്ചിരുന്നു. ഇയാളും ക്വട്ടേഷന്‍ സംഘത്തിലുള്ളതാണെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് സുനി ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരേയും ചുമത്തിയിട്ടുള്ളത്. സുനിയും സംഘവും പ്രതീക്ഷിച്ച നടിക്ക് പകരമെത്തിയത് പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ പഴയകാല പ്രശസ്ത നടിയായിരുന്നു. സുനിയും സംഘവും പ്രതീക്ഷിച്ചിരുന്നത് സംവിധായകന്റെ ഭാര്യയായ യുവനടിയെ ആയിരുന്നുവെന്ന് പോലീസിന് പിന്നീട് ബോധ്യമായി. ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 2011 നവംബറിലാണ് സംഭവം നടന്നത്. സുനിലിന്റെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പ്രതിനിധിയന്ന പേരില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ നടീനടന്‍മാര്‍ക്ക് താമസസൗകര്യമൊരുക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. ജോണി സാഗരിക ഇതിനു സമ്മതം മൂളുകയും ചെയ്തു. ഡ്രൈവറും മറ്റൊരാളും കൂടി വാഹനവുമായി സംഭവ ദിവസം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ സംവിധായകന്റെ ഭാര്യയായ യുവനടി അന്നു വന്നില്ല. പകരം നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയുമാണ് അന്നു വന്നത്. നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി. സുനിലില്‍ നിന്നു വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ വട്ടംകറക്കല്‍. ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ആളുടെയും നീക്കത്തില്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറയുകയായിരുന്നു. ഭര്‍ത്താവ് ജോണി സാഗരികയെയും അറിയിച്ചു.

സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലാത്ത സംഭവത്തില്‍ തന്നെ കുടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും സുനി പറഞ്ഞു. ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട നടിയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സുനിക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. യുവ നടിയെ ആക്രമിച്ച കേസില്‍ ജയിലിലാണ് സുനി. അതേസമയം, യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. മുമ്പ് ഇതേ കോടതി ദിലീപിന്റെ അപേക്ഷ തള്ളിയിരുന്നു. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായാണ് ഇപ്പോള്‍ വിചാരണ കോടതിയിയെ വീണ്ടും സമീപിച്ചിരിക്കുന്നത്.

Latest
Widgets Magazine