മുഖ്യമന്ത്രിയുടെ വാദം തള്ളി പോലീസ്; ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍; ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് സുനിയുടെ വക്കീല്‍

ആലുവ: നടിയെ പീഡിപ്പിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും ഗൂഢാലോചനയുണ്ടെന്ന നിലപാടില്‍ പോലീസ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോഴാണ് ഗൂഢാലോചനവാദം സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.

സുനിയെ നുണപരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വാദമായി ഉയര്‍ത്തി പ്രതിഭാഗം അഭിഭാഷകര്‍ പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കരുതെന്ന് വാദിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു പള്‍സര്‍ സുനിയുടെ അഭിഭാഷകരുടെ വാദം. ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും സുനിക്കായി ഹാജരായ രണ്ട് അഭിഭാഷകര്‍ വാദിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാക്കനാട് ജയിലില്‍ നിന്നും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പള്‍സര്‍ സുനിക്കായി രണ്ട് അഭിഭാഷകര്‍ ഹാജരായിരുന്നു. ഇതേറെ ആശയക്കുഴപ്പം ഉണ്ടാക്കി. പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസായിരുന്നു ഒരു അഭിഭാഷകന്‍. മറ്റൊരാള്‍ അഡ്വ. ആളുരിന്റെ ജൂനിയറായിട്ടുളള അഭിഭാഷകനാണ്. വി.സി പൗലോസിന്റെ വക്കാലത്താണ് കോടതി പരിഗണിച്ചതും.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരില്‍ അടക്കം കൊണ്ടുപോയി പരിശോധന നടത്തണം. കൂടാതെ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കോടതിയില്‍ ഹാജരാക്കവെ പള്‍സര്‍ സുനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സിനിമക്കാരെയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയതുമില്ല. ആരുടെ ക്വട്ടേഷനാണെന്ന ചോദ്യങ്ങള്‍ക്കാകട്ടെ സുനി മറുപടി നല്‍കിയതുമില്ല.

Top