ഫുട്ബോള്‍ ലോകത്തിന്റെ നെറുകയില്‍ റൊണാള്‍ഡോ

സ്വന്തംലേഖകന്‍

സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു. മെസിയേയും ഗ്രീസ്മാനെയും പിന്തള്ളിയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്.സൂറിക്കിലെ ഫിഫ ആസ്ഥാനത്ത് ഇന്ത്യന്‍സമയം രാത്രി 11നാണ് പുരസ്കാര പ്രഖ്യാപനചടങ്ങുകള്‍ നടന്നത്.
2010 മുതല്‍ 2015 വരെ ഫ്രഞ്ച് മാഗസിനായ ബാലണ്‍ഡി ഓറുമായി സഹകരിച്ച് ‘ഫിഫ ബാലണ്‍ഡി ഓറായി’ നല്‍കിയ ലോക ഫുട്ബാളര്‍ പുരസ്കാരമാണ് ഇക്കുറി പഴയപടിയായി ഫിഫ ഒറ്റക്ക് സമ്മാനിക്കുന്നത്. 1991 മുതല്‍ 2009 വരെ നല്‍കിയ അതേ മാതൃകയിലേക്കുള്ള മടക്കം.
മികച്ച പരിശീലകനുള്ള പുരസ്കാരം ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡും സ്വന്തമാക്കി.ലെസ്റ്റര്‍സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിനാണ് ക്ലോഡിയോ റാനിയേരയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തത്.

ജര്‍മനിയുടെ സില്‍വിയ നീഡ് ആണ് മികച്ച വനിതാ പരിശീലക. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം ലോക ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ സ്വന്തം നിലയ്ക്ക് നടത്തുന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്‌ഥാനത്ത് പ്രഖ്യാപിച്ചത്. പുരസ്കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റൊണാള്‍ഡോ പ്രതികരിച്ചു.

Latest
Widgets Magazine