എസ്എഫ്‌ഐക്കാരുടെ റാഗിംഗ് ഭയന്ന് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം;കുസാറ്റ് കാമ്പസ് അടച്ചു

കളമശേരി: റാഗിങ്ങിനെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കുസാറ്റ് കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ റാഗിങ്ങിനെ തുടര്‍ന്നാണ് ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് ഷെറിന്‍ (18) ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. കോഴിക്കോട് കുറ്റിയാടി സ്വദേശി മുഹമ്മദ് ഷെരിനാണ് കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷെരിന്റെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ക്ലാസില്‍ കയറിയെന്ന പേരില്‍ ഷെരിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചിരുന്നു. വീണ്ടും റാഗ് ചെയ്യുമെന്ന ഭയമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

 

മുതിര്‍ന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ നടപടികള്‍ കുസാറ്റ് രജിസ്ട്രാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുണ്ടാകുമെന്ന് സിഐ ജയകൃഷ്ണന്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ റാഗിംഗ് വിരുദ്ധ നിയമത്തില്‍ വരുമോയെന്ന് തീരുമാനിക്കാന്‍ കഴിയൂ.സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് ലഭിക്കാതെ ഒന്നും പറയാനാകില്ലെന്ന് കുസാറ്റ് രജിസ്ട്രാര്‍ ഡേവിഡ് പീറ്റര്‍ പറഞ്ഞു.
വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കുറ്റക്കാരായ എസ്എഫ് ഐക്കാര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് സെനറ്റ് അംഗവും എബിവിപി ദേശീയ നിര്‍വ്വാഹക സമിയിയംഗവുമായ ശ്യാം രാജ് ആവശ്യപ്പെട്ടു. കുറച്ചുനാളുകളായി എസ്എഫ് ഐ ഗുണ്ടായിസം നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നത്തെ എല്ലാ ബിടെക് പരീക്ഷകളും മാറ്റിവച്ചതായി കുസാറ്റ് അറിയിച്ചു.
ഹോസ്റ്റലുകളില്‍ നിന്ന് വീട്ടിലേക്ക് പോകാനും വിദ്യാര്‍ത്ഥികളോട് വൈസ് ചാന്‍സിലര്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ ഒരു സംഘടന ഒഴിച്ചുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്തമായി കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Latest
Widgets Magazine