ആദ്യ മത്സരത്തിൽ പൊരുതിത്തോറ്റു: അമേരിക്കയോട് ഇന്ത്യ തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂഡൽഹി: പൊരുതിത്തോറ്റാൽ അങ്ങ് പോട്ടെന്നു വയ്ക്കും..! ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ പച്ചപ്പുൽമൈതാനത്ത് പന്തു തട്ടാൻ ഇറങ്ങിയ ഇന്ത്യൻ ചുണക്കുട്ടികൾ തിരികെ കയറിയത് നീണ്ട കയ്യടികളോടെ. അണ്ടർ 17 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയോട് എതിരില്ലാത്ത മൂന്നു ഗോളിനു തോറ്റെങ്കിലും ആദ്യ ലോകകപ്പിന്റെ യാതൊരു പരിഭവവുമില്ലാതെയാണ് ഇന്ത്യൻ കൗമാരം കളത്തിലിറങ്ങിയത്.
ആദ്യത്തെ 30 മിനിറ്റ് വരെ ഇന്ത്യൻ കൗമാരക്കാർ യാതൊരു പാളിച്ചകളുമില്ലാതെ അമേരിക്കൻ വന്യമായ ആക്രമണത്തെ പ്രതിരോധിച്ചു നിന്നു. പതിനേഴാം നമ്പർ ജേഴ്‌സിയിൽ മിന്നൽ പ്രതിരോധതാരമായി കളത്തിൽ നിറഞ്ഞു നിന്ന കെ.പി രാഹുലായിരുന്നു ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂണ്. ആദ്യ പകുതിയിൽ ഗോളെന്നുറച്ച കാൽഡസൽ അമേരിക്കൻ അവസരങ്ങളെങ്കിലും രാഹുലിന്റെ ബൂട്ടിൽതട്ടിച്ചിതറി തെറിച്ചു.
അമേരിക്കൻ മുന്നേറ്റങ്ങളുടെയെല്ലാം മുനയൊടിച്ച ഇന്ത്യൻ പ്രതിരോധക്കോട്ടയിൽ വിള്ളൽ വീണത് മുപ്പതാം മിനിറ്റിലായിരുന്നു. ഇന്ത്യൻ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ മുന്നോട്ടു കുതിച്ച അമേരിക്കൻ പ്രതിരോധ താരത്തെ ബോക്‌സിനുള്ളിൽ വലിച്ചു വീഴ്ത്തിയതിനു റഫറി പെനാലിറ്റി ബോക്‌സിലേയ്ക്കു വിരൽ ചൂണ്ടി. അമേരിക്കൻ ക്യാപ്റ്റൻ സാർജന്റിനു പിഴച്ചില്ല പന്ത് ഇന്ത്യൻ വലയിൽ. പിന്നീട് പല തവണ അമേരിക്കൻ ബോക്‌സിനു മുന്നിൽ ഇന്ത്യൻ താരങ്ങൾ പന്തുമായി എത്തിയെങ്കിലും വലകുലുക്കാൻ മാത്രം സാധിച്ചില്ല. ഇതിനിടെ ഇന്ത്യ വഴങ്ങിയ കോർണർ ബോക്‌സിനുള്ളിലേയ്ക്കു വന്നു വീണു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിൽ നിന്നു പന്ത് വന്ന് വീണത് അമേരിക്കൻ താരം ഡർക്കിന്റെ മുന്നിൽ. നിലത്തു നിന്ന് ഒന്നുയർന്ന ഡർക്കിന്റെ വലംകാലൻ ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഡീരജിനെ നിശബ്ദനാക്കി വലയിൽ ആഴ്ന്നിറങ്ങി. ഇന്ത്യൻ ബോക്‌സിനു മുന്നിൽ നിന്നു കൈമാറിക്കിട്ടിയ പന്തുമായി മൈതാന മധ്യത്തിലൂടെ കുതിച്ചെത്തിയ കാൽട്ടറണ്ണിമുന്നിൽ വിരിഞ്ഞ നെഞ്ചുമായി ഗോൾ കീപ്പർ ധീരജ് നിന്നെങ്കിലും പ്രതിരോധം തീർത്തും ദുർബലമായിരുന്നു. പന്ത് വലയിൽ വന്ന് തറച്ചു.
ഗോൾ നില സൂചിപ്പിക്കും പോലെ തീർത്തും ഏകപക്ഷീയമായിരുന്നില്ല ഇന്ത്യ അമേരിക്ക മത്സരം. മത്സരപരിചയത്തിലും, കേളീ മികവിലും ഏറെ മുന്നിലായിരുന്നെങ്കിലും മത്സരത്തിന്റെ 43 ശതമാനവും പന്ത് കയ്യിൽ സൂക്ഷിക്കാൻ ഇന്ത്യൻ യുവനിരയ്ക്കായി. ഗോൾ മുഖത്തേയ്ക്ക് പാഞ്ഞെത്തിയ ഇന്ത്യൻ നിര മൂന്നു കോർണറുകൾ വഴങ്ങിയപ്പോൾ, അമേരിക്കയുടെ ഗോൾ മുഖത്തു മൂന്ന് കോർണറുകൾ നേടിയെടുക്കാനും സാധിച്ചു. പത്ത് ഫ്രീകിക്കുകൾ മാത്രം വഴങ്ങി ഇന്ത്യൻ പ്രതിരോധം പതിനാല് ഫ്രീകിക്കുകളാണ് നേടിയെടുത്തത്. ഗോൾ മുഖത്ത് ഇന്ത്യൻ ഗോൾ കീപ്പർ ധീരജിനു പിടിപ്പത് പണിയുണ്ടായിരുന്നു. ധീരജിന്റെ സമർത്ഥമായ അഞ്ചു സേവുകളാണ് ഇന്ത്യൻ ഗോൾ നില മൂന്നിൽ ഒതുക്കിയത്. ഇന്ത്യയെടുത്ത ഏക ഷോട്ട് ഗോൾ പോസ്റ്റിനു മുന്നിൽ അമേരിക്കൻ ഗോൾകീപ്പർ ഗ്രേസ് തട്ടിത്തെറിപ്പിച്ചപ്പോൾ, ഒരെണ്ണം പോസ്റ്റിൽ തട്ടിത്തെറിച്ചു. അമേരിക്കയുടെയും ഇന്ത്യയുടെയും മൂന്നു വീതം ഷോട്ടുകൾ പ്രതിരോധഭടൻമാർ പ്രതിരോധിച്ചിട്ടു. ഇന്ത്യൻ ഗോൾ മുഖത്തേയ്ക്ക് ഇരുപതു തവണയാണ് അമേരിക്കക്കാർ വെടിയുതിർത്തത്. ഇന്ത്യയാവട്ടെ ഒൻപതെണ്ണം തിരികെ പ്രയോഗിച്ചു.
ആദ്യ ജയത്തോടെ അമേരിക്ക മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. മൂന്നു ഗോളിന്റെ കടമുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഖാന കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തകർത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top