ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക്; വിദ്യാര്‍ഥിനി അദ്ഭുതകരമായി ജീവിതത്തിലേക്ക്

ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ് വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കായലില്‍ വീണത്. പരവൂര്‍ മാമൂട് പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി കായലില്‍ വീണത്. കൊല്ലത്തെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.45 ഓടെയാണ് സംഭവം. കൊല്ലം- കന്യാകുമാരി മെമുവില്‍ യാത്രയ്ക്കിടെയാണ് സംഭവം. മീന്‍പിടിത്തക്കാര്‍ സാഹസികമായിട്ടാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പനി ബാധിതയായിരുന്നതിനാല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കൈകഴുകാന്‍ വാഷ്‌ബേസിനടുത്ത് നില്‍ക്കുമ്പോള്‍ പിടിവിട്ട് കായലിലേക്ക് വീഴുകയായിരുന്നു. മാമൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഉലഞ്ഞപ്പോഴാണ് പെണ്‍കുട്ടി പിടിവിട്ട് താഴേക്ക് പതിച്ചത്. പാലത്തിന്റെ മറുകരയില്‍ നിന്ന ഒരാള്‍ പെണ്‍കുട്ടി താഴേക്ക് വീഴുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ആളെക്കൂട്ടി. കായലില്‍ മീന്‍പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ പാലത്തിനടുത്ത് വള്ളത്തിലെത്തി രക്ഷിക്കുകയായിരുന്നു. വിദ്യാര്‍ഥിനിക്ക് നിസാര പരുക്ക് ഉണ്ട്. പെണ്‍കുട്ടിയെ നെങ്ങോലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Latest
Widgets Magazine