അമിത് ഷായുടെ മകന്‍റെ സ്വത്ത് വിവരം വെളിപ്പെടുത്തിയ ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിന് വിലക്ക്; താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത് അഹമ്മദാബാദ് കോടതി

അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാർത്ത പുറത്തുവിട്ട ദ വയറിന് താൽക്കാലിക വിലക്കേര്‍പ്പെടുത്തി കോടതി. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. മാനനഷ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റി.അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നല്‍കിയ ഉത്തരവ്. ഉത്തരവ് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയർ പ്രതികരിച്ചു. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്‍ത്ത വന്നത്. വാര്‍ത്ത പുറത്തുവിട്ട ‘ദ വയര്‍’ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് കൊടുക്കുകയും ചെയ്തു. ജയ് ഷായ്‌ക്കെതിരെയുള്ള വാര്‍ത്ത വിവാദമായതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. ജയ് ഷാ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും വാദിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്നും പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ബിജെപിയിലെ തന്നെ നേതാക്കളടക്കം വിമര്‍ശനം ഉയര്‍ന്നതോടെ വാര്‍ത്ത അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലായിരുന്നു ജയ് ഷാ. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ജയ് ഷാ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും ജയ് ഷാ വിവാദത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ധാര്‍മ്മികമായ ഔന്നത്യം നഷ്ടപ്പെട്ടെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ നാടകത്തില്‍ സീസറുടെ ഭാര്യയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു സിന്‍ഹയുടെ പ്രസ്താവന. ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അന്വേഷണത്തിലൂടെ സത്യം തെളിയിക്കുകയാണ് വേണ്ടതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹയും പറഞ്ഞു.

2011ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അനന്തിരവന്‍ റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ ഡിഎല്‍എഫുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് വാര്‍ത്ത പുറത്തുകൊണ്ടുവന്ന രോഹിണി സിംഗാണ് ജെയ് ഷായ്ക്കെതിരായ വാര്‍ത്തയും പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ആന്നൊന്നും ഉണ്ടാകാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നതെന്ന് രോഹിണി നേരത്തെ വ്യക്തമാക്കിയിരുന്നു. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എന്താണോ അതാണ് വാര്‍ത്തയെന്നും ബാക്കിയെല്ലാം പരസ്യങ്ങളുമാണെന്ന പ്രശസ്തമായ വരികള്‍ താന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു എന്നും രോഹിണി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവാദത്തിന് പിന്നാലെ പറഞ്ഞിരുന്നു.

Latest