തകർന്നടിഞ്ഞ് ഇന്ത്യ; 78ന് പുറത്ത്..ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒൻപതാമത്തെ ടോട്ടൽ..

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായി. 19 റൺസെടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. രോഹിത്തിനെ കൂടാതെ അജിൻക്യ രഹാനെ മാത്രമാണ് (18 റൺസ്) രണ്ടക്കം കടന്നത്.
ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒൻപതാമത്തെ ടോട്ടലാണിത്. 2020ൽ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിനു പുറത്തായതാണു ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ. ജെയിംസ് ആൻഡേഴ്സൻ, ക്രെയ്ഗ് ഓവർട്ടൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ഒലി റോബിൻസൻ, സാം കറൻ എന്നിവർ 2 വിക്കറ്റ് വീതവും. അഞ്ചുപേരെ വിക്കറ്റിനു പിന്നിൽ ക്യാച്ചെടുത്തത് ജോസ് ബട്‍ലറാണ്.

കെ എൽ രാഹുൽ (0), ചേതേശ്വർ പൂജാര (ഒന്ന്), വിരാട് കോഹ്ലി ( 7), അജിൻക്യ രഹാനെ (18), ഋഷഭ് പന്ത് (2), രോഹിത് ശർമ (19), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (3), ഇഷാന്ത് ശർമ (പുറത്താകാതെ 8) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പ്രകടനം.

ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 25.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒലി റോബിൻസൺ എറിഞ്ഞ 26–ാം ഓവറിലെ അ‍ഞ്ചാം പന്തിൽ അജിൻക്യ രഹാനെ പുറത്തായതോടെ അംപയർമാർ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു. രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ പന്തും പുറത്തായി. കരുതലോടെ കളിച്ച രോഹിത് ക്രെയ്ഗ് ഓവർട്ടനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ റോബിൻസണ് ക്യാച്ച് നൽകിയാണു പുറത്തായത്. 104 പന്തുകൾ പിടിച്ചുനിന്ന രോഹിത് കൂടി വീണതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.

തൊട്ടുത്ത പന്തിൽ ഷമിയെ ഓവർട്ടൻ വീഴ്ത്തി. സാം കറൻ എറിഞ്ഞ അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ ജഡേജയും ബുമ്രയും വിക്കറ്റിനു മുന്നിൽ കുടുങ്ങി. സിറാജിനെ ഓവർട്ടൺ പുറത്താക്കി. ടെസ്റ്റിൽ കോഹ്ലിയെ ഏറ്റവുമധികം തവണ പുറത്താക്കിയ താരമായും ആൻഡേഴ്സൻ മാറി. ഏഴാം തവണയാണ് ആൻഡേഴ്സൻ കോഹ്ലിയെ പുറത്താക്കുന്നത്. ഓസീസ് താരം നേഥൻ ലയണും കോലിയെ ഏഴു തവണ പുറത്താക്കിയിട്ടുണ്ട്.

ആദ്യ ഓവറിൽത്തന്നെ ഫോമിലുള്ള ബാറ്റ്സ്മാൻ കെ എൽ രാഹുൽ പുറത്തായി. ജയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഒരു റൺ മാത്രം. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോഹ്ലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി.

Top