
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ തുടങ്ങി എട്ടു ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. ജനങ്ങളോട് പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.ശക്തമായ തിരമാലയും അടിക്കുനുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു.
ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും നിലവില്‍ കനത്ത മഴയാണ്. പോര്‍ബന്തരില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടമുണ്ടായി. കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.