അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

പൂനൈ: സ്വന്തം അമ്മയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഗുജറാത്തിലാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. വഡോദര സ്വദേശിനിയായ മീനാക്ഷി വലനാണ് നാല്‍പത്തിയേഴുകാരിയായ സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചത്.

കഴിഞ്ഞവര്‍ഷം മെയിലാണ് പുണെ ഗാലക്‌സി കെയര്‍ ആശുപത്രിയില്‍ മീനാക്ഷിക്ക് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇരുപത്തിയേഴുകാരിയായ മീനാക്ഷിക്ക് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ വേണ്ടിവന്നത്.

ഗര്‍ഭധാരണം കഴിഞ്ഞ് ഏഴു മാസം പിന്നിട്ടശേഷം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം സാധ്യമായത്. കുഞ്ഞിന് 1.4 കിലോഗ്രാം തൂക്കം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. രാജ്യത്തു തന്നെ ആദ്യസംഭവമാണിതെന്നും അവര്‍ അവകാശപ്പെട്ടു.

Top