സാമ്പത്തിക വളർച്ചയിൽ ഇന്ത്യ പിന്നിലേയ്ക്ക്…!! അമേരിക്കയും ചെെനയും ജപ്പാനും ആദ്യ സ്ഥാനങ്ങളിൽ

ന്യൂഡൽഹി: 2018ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. 2017ൽ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് ഇത്തവണ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. യു.കെയും ഫ്രാൻസും അഞ്ചും ആറും സ്ഥാനത്തെത്തിയപ്പോൾ അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തും എത്തി. ലോക ബാങ്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

20.5 ട്രില്യൺ ഡോളറുമായാണ് അമേരിക്ക ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 13.6, ജപ്പാൻ 5.0, ജർമ്മനി 4.0, യു.കെ 2.8, ഫ്രാൻസ് 2.8, ഇന്ത്യ 2.7 ട്രില്യൺ ഡോളർ എന്നിങ്ങനെയാണ് പട്ടികയിലെ ജി.ഡി.പി കണക്ക്. 2017ൽ ഇന്ത്യയുടെ ജി.ഡി.പി 2.65 ട്രില്യൺ ഡോളർ അയിരുന്നു. ഇതേ കാലയളവിൽ യു.കെയുടേത് 2.64ഉം ഫ്രാൻസിന്റേത് 2.5ഉം ആയിരുന്നു. വളർച്ചയിലുള്ള മാന്ദ്യവും കറൻസി വൃതിയാനങ്ങളെയും തുടർന്നാണ് ഇന്ത്യ 2018ൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു.

അതേസമയം,​ ലോകത്ത് വേഗത്തിൽ വളരുന്ന സമ്പദ്ഘടനയുടെ പട്ടികയിൽ ഇന്ത്യയുണ്ടെങ്കിലും മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച ഏഴ് ശതമാനത്തിൽ ചുരുങ്ങുമെന്നാണ് വിലയിരുത്തൽ.

Top