നിലപാടില്‍ ഉറച്ച് ഇന്ത്യ; ചര്‍ച്ചയ്ക്ക് തയ്യാര്‍; പാക് ഭീകരവാദം അവസാനിപ്പിക്കണം

പാക് ഭീകരവാദം അവസാനിപ്പിച്ചാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ.
യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യ നിലപാട് അറിയിച്ചത്. ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീനാണ് യോഗത്തില്‍ നിലപാട് അറിയിച്ചത്.

ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നിഷ്കര്‍ഷിക്കുന്ന 370 ാം വകുപ്പ് റദ്ദാക്കിയ വിഷയം പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരുമായി ബന്ധപ്പെട്ട് അനാവശ്യമായി ഭയപ്പെടുത്തുന്നവര്‍ ഉണ്ട്. ഇതു യാഥാർഥ്യമല്ല. ഭീകരത അവസാനിപ്പിച്ചാല്‍ മാത്രം സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കാന്‍ രാജ്യം തയ്യാറാണ്. കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം മാത്രം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി പാകിസ്ഥാനെ പരോക്ഷമായി അദ്ദേഹം പരാമര്‍ശിച്ചു. നമ്മളെല്ലാവരും നേരിടുന്ന പ്രശ്നത്തിനു പരിഹാരം ഹിംസയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, കഴിഞ്ഞദിവസം ചേര്‍ന്ന യുഎൻ രക്ഷാസമിതിയുടെ യോഗത്തിൽ കശ്മീരിജനതയുടെ ശബ്ദം ഉയർന്നുകേട്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍റെ യുഎൻ പ്രതിനിധി മലീഹ ലോധിയും രംഗത്തെത്തി. രക്ഷാസമിതിയിൽ ചൈന മാത്രമാണു നിലവിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പിന്തുണ ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

Top