സൗന്ദര്യ ബോധത്തേക്കാളേറെ സമൂഹത്തില്‍ പലപ്പോഴും തെറ്റായ സന്ദേശവും, പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധവും വളരാനാണ് നമ്മുടെ പരസ്യങ്ങളും, നടിമാരുടെ കൃത്തിമത്തങ്ങളും കാരണമാകുന്നതെന്ന് മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. എനിക്ക് ആ നടിയെ പോലെയാകണം, അവരുടെ കണ്ണു വേണം മൂക്ക് വേണം എന്ന് പറഞ്ഞ് എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നെന്ന് കോസ്മറ്റിക് വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മേക്കപ്പിന്റെ ബലത്തിലാണ് തങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെന്നും, ഇത് കണ്ട് പെണ്‍കുട്ടികള്‍ വഴി തെറ്റരുതെന്നും ധൈര്യമായി തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍. തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്.
ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും ഞാന്‍ എന്റെ യഥാര്‍ത്ഥ രൂപം ഇതാണെന്ന് വെളിപ്പെടുത്തി നോ മേക്കപ്പ് ഫോട്ടോയും സോനം പങ്കുവെച്ചിട്ടുണ്ട്.
സോനത്തിന്റെ കുറിപ്പ്: ‘രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്ബോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ നോക്കൂ, ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്ബുന്ന മുഖത്തോടെയല്ല. ഞാനെന്നല്ല മറ്റേതൊരു നടിമാരും അങ്ങനെയല്ല.
ഇതാണ് ശരിയായ സത്യം. ഏതൊരു പരിപാടിക്ക് മുന്‍പും ഒന്നര മണിക്കൂര്‍(90 മിനിറ്റ്) ഞാന്‍ മേക്കപ്പ് ചെയറില്‍ ചിലവഴിക്കും. മൂന്നു മുതല്‍ ആറു പേര്‍ വരെ എന്നെ ഒരുക്കാന്‍ കാണും. എന്റെ നഖങ്ങള്‍ മിനുക്കാന്‍ മറ്റൊരാള്‍. എനിക്ക് വസ്ത്രങ്ങളൊരുക്കാന്‍ വേറെ നിരവധി പേര്‍. ഞാന്‍ എന്ത് കഴിക്കണം കുടിക്കണമെന്ന് ദിവസവും പറയാന്‍ വിദഗ്ദര്‍. എന്നിട്ടും കുറ്റവും കുറവുമുള്ള എന്റെ ചിത്രങ്ങള്‍ ശരിയാക്കാന്‍ ഫോട്ടോ ഷോപ്പ് ചെയ്യേണ്ടി വരുന്നു. അതിനാല്‍ നിങ്ങള്‍ കാണുന്നതൊന്നും സത്യമല്ല. സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്. സൗന്ദര്യം ഓര്‍ത്ത് വിഷമിക്കുന്ന പെണ്‍കുട്ടികള്‍ അത് മനസ്സിലാക്കണം’ ധൈര്യപൂര്‍വ്വം സോനം കുറിച്ചു.