ഇടുക്കി: കെഎസ്ആര്‍ടിസി ഒരു രൂപ കുറച്ചാല്‍ രണ്ട് രൂപ കുറച്ച് യാത്രക്കാരെ ഞെട്ടിക്കുകയാണ് വണ്ടിപ്പെരിയാറിലെ ഈ സ്വകാര്യ ബസ്. ഡീസലിന് വിലകുറഞ്ഞിട്ടും യാത്രാനിരക്കില്‍ അഞ്ച് പൈസ കുറയ്ക്കാത്ത് സ്വകാര്യ ബസുകളുള്ള കേരളത്തിലാണ് ഇത്തരമൊരു വാര്‍ത്ത.
വണ്ടിപ്പെരിയാര്‍ സ്വദേശി റസാക്കിന്റെ ഉടമസ്ഥതയിലുള്ള മുബാറക്ക് ട്രാവല്‍സാണ് എല്ലാവരെയും ഞെട്ടിച്ച് രണ്ടുരൂപ മിനിമം ചാര്‍ജ്ജ് കുറച്ച് അഞ്ചാക്കിയത്. കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വീസില്‍ കുറഞ്ഞ നിരക്ക് ആറുരൂപയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് സ്വകാര്യ ബസുടമയുടെ തീരുമാനം.
മിനിമം നിരക്കിനൊപ്പം മറ്റു ടിക്കറ്റുകള്‍ക്കും ആനുപാതികമായ കുറവ് വരുത്തിയിട്ടുണ്ട്. കുമളിയില്‍ നിന്ന് എറണാകുളം, കോട്ടയം, ഉപ്പുതറ, വാഗമണ്‍, ഏലപ്പാറ, ആനക്കുഴി, കൊടുവ, ചെങ്കര, പശുപ്പാറ, തേങ്ങാക്കല്ല് തുടങ്ങി 30 ലധികം റൂട്ടുകളില്‍ 10 ബസുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രാ നിരക്ക് കുറച്ചെന്നു വ്യക്തമാക്കിയുള്ള പരസ്യം പതിച്ചുകൊണ്ടാണ് ഈ കമ്പനിയുടെ എല്ലാ ബസുകളും ഇന്നലെ നിരത്തിലിറങ്ങിയത്.
വണ്ടിപ്പെരിയാറ്റിലെ മുബാറക് കമ്പനിയുടെ 10 ബസുകളിലാണ് വ്യാഴാഴ്ച മുതല്‍ കുറഞ്ഞ കൂലി വാങ്ങാന്‍ തുടങ്ങിയത്. മിനിമം ചാര്‍ജ് അഞ്ചു രൂപയാണ് ഈടാക്കുന്നത്. ടിക്കറ്റ് മെഷീനില്‍ പഴയകൂലി ഫീഡ് ചെയ്താലുടന്‍ അടുത്ത ദിവസം മുതല്‍ കുറച്ച കൂലിക്കനുസരിച്ചുള്ള ടിക്കറ്റുകളും നല്‍കുമെന്ന് ഉടമ പറഞ്ഞു. ഏലപ്പാറ മുതല്‍ കുമളിവരെ 300ല്‍പരം വാഹനങ്ങളാണ് അനധികൃത സര്‍വിസ് നടത്തുന്നത്. ഏലപ്പാറ പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട്കുട്ടിക്കാനം, പീരുമേട്പാമ്പനാര്‍ എന്നീ ദൂരങ്ങളില്‍ സമാന്തര സര്‍വിസ് യാത്ര ബസുകളെ ബാധിച്ചിരുന്നു.
കുട്ടിക്കാനംപീരുമേട് റൂട്ടില്‍ സമാന്തര സര്‍വിസ് കൂലിയും, ഫാസ്റ്റ് സര്‍വിസുകളിലെ 10 രൂപയും, ഓര്‍ഡിനറി ബസുകളില്‍ ഏഴു രൂപയുമാണ് ഈടാക്കുന്നത്. എറണാകുളംകുമളി, പശുപ്പാറകുമളി, വാഗമണ്‍കുമളി, കൊടുവകുമളി, തേങ്ങാക്കല്‍വണ്ടിപ്പെരിയാര്‍, ചെങ്കരപെരിയാര്‍ എന്നീ റൂട്ടുകളിലെല്ലാം ബസ് സര്‍വിസ് നടത്തുന്നുണ്ട്. സമാന്തര സര്‍വിസില്‍നിന്ന് യാത്രക്കാരെ ബസിലേക്ക് ആകര്‍ഷിക്കാനാണ് ചാര്‍ജ് കുറച്ചതെന്നും ഇത് യാത്രക്കാരില്‍നിന്ന് വലിയ പ്രതികരണം ഉണ്ടാക്കിയെന്നും ഉടമ ജലാല്‍, സിദ്ദീഖ് എന്നിവര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ് ചാര്‍ജ് മാര്‍ച്ച് ഒന്നുമുതല്‍ ഒരു രൂപ കുറയ്ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നിരക്ക് കുറയ്ക്കുന്നതോടെ ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് ആറ് രൂപയാകും. നിലവില്‍ ഏഴ് രൂപയാണ്. അനുബന്ധമായി ഓര്‍ഡിനറി ബസുകളിലെ മറ്റ് എല്ലാ ടിക്കറ്റുകളിലും ഒരുരൂപയുടെ കുറവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായാണ് നിരക്ക് കുറയ്ച്ചത്. നിരക്ക് കുറയ്ക്കുന്നത് മൂലം കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന വരുമാനത്തില്‍ 27 ലക്ഷം രൂപയുടെ കുറവുണ്ടാകും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് തുടങ്ങി മറ്റ് സര്‍വീസുകളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
എന്നാല്‍ കേരളത്തിലെ മറ്റ് സ്വകാര്യ ബസുകളാരും നിരക്ക് കുറയ്ക്കാന്‍ തയ്യാറല്ല. ഗതാഗത മന്ത്രി തിരുവഞ്ചൂരിന്റെ നിരക്ക് കുറയ്ക്കലിനെതിരെ അവര്‍ സമരത്തിനും ഇറങ്ങുകയാണ്. ഇതിനിടെയാണ് മുബാറക് ബസ് കാട്ടുന്ന പുതു മാതൃകക്ക് കൈയ്യടി കിട്ടുന്നതും.