കൊച്ചി: കെവിന്‍ വധക്കേസ് പ്രതികളായ എഎസ്‌ഐ ബിജു, സിവില്‍ പൊലീസ് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം കെവിൻ കൊലക്കേസിലെ പ്രതി പൊലീസ് കാവലിൽ ബന്ധുക്കളുമായി വീഡിയോ കോളിൽ സംസാരിച്ചത് വിവാദത്തിലായി. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിൽ പൊലിസിന്റെ മുന്നിൽ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിൻ ബന്ധുവിന്റെ മൊബൈൽ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടു നാലരയ്ക്കാണ് പത്തു പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ നിൽക്കുമ്പോൾ ബന്ധുവായ വനിത ഷെഫിനെ കാണാൻ എത്തി.
ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ സംസാരിച്ചു. വീഡിയോ കോൾ പൊലീസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയിൽ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികൾ പറയുന്നതും കേൾക്കാമായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി 13 വരെ കസ്റ്റഡിയിൽ നൽകി.