ന്യുഡൽഹി:കോൺഗ്രസിന്റെ മുസ്ലിം പ്രീണനം മാത്രമാണ് പിണറായി വിജയനെ കർണാടകയിലെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തതിന്റെ കാരണം എന്ന് റിപ്പോർട്ടുകൾ . പ്രതിപക്ഷ ഐക്യനിരയിൽ പിണറായി വിജയനെ കോൺഗ്രസ് പേടിക്കുന്നു. സംഘപരിവാറിനെയും ബിജെപിയും കടന്നാക്രമിക്കുന്ന പിണറായിയെ കോൺഗ്രസ് ഭയക്കുന്നു എന്നാണു ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
പിണറായിയെ വെട്ടിയത് എന്തിന്?
ഇന്ന് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനം കൂടിയാണ്. യുഡിഎഫ് ഇന്ന് വഞ്ചനാദിനമായി ആചരിക്കുന്നു. സർക്കാരിന്റെ ‘ജനവഞ്ചന’യിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരവും നടക്കുകയാണ്. ഇത്തരമൊരു ദിവസം തന്നെ കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ പിണറായി വിജയൻ എത്തുന്നത് തങ്ങൾക്ക് ക്ഷീണമാകുമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുതിയാല്‍ അതിനെ തെറ്റ് പറയാനാകില്ല. യുഡിഎഫ് സെക്രട്ടേറിയറ്റ് വളയുമ്പോള്‍ ബിജെപിക്കെതിരായ ഐക്യകാഹളവേദിയിൽ പിണറായി വിജയൻ ഇരിക്കുന്നത്, അത് ടെലിവിഷനുകൾ ‘അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ’ എന്ന രീതിയിൽ മാറി മാറി കാണിക്കുന്നത്, ‘കേരളത്തിൽ ഗുസ്തി, പുറത്ത് ദോസ്തി’ (കേരളത്തിൽ ശത്രുവും പുറത്ത് സൗഹൃദവും) എന്ന ബിജെപി ആരോപണത്തെ ശരിവെക്കുന്നതാകും. ഇത് കേരളത്തിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന തിരിച്ചറവാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തം.
പൗരത്വനിയമ ഭേദഗതിയില്‍ അടക്കം അതിശക്തമായി ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ആക്രമിക്കുന്ന പിണറായി വിജയനെ കേരളം കണ്ടതാണ്. രാജ്യം ശ്രദ്ധിച്ചതാണ്. രാഷ്ട്രീയമായി എതിർപക്ഷത്തുള്ള ന്യൂനപക്ഷത്തിൽ നിന്നുള്ളവർ പോലും രഹസ്യമായെങ്കിലും പിണറായിയെ അംഗീകരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. ഇതു കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മറ്റാരെക്കാളും നന്നായി അറിയാം. ഇത്തരമൊരു പശ്ചാത്തലത്തിൽ പിണറായി ബിജെപി വിരുദ്ധ ദേശീയ ഐക്യനിരയിൽ കണ്ണിയാകുന്നത്, കേരളത്തിലെ തങ്ങളുടെ രാഷ്ട്രീയ സാധ്യതകളെ ദോഷമായി ബാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ, കേരളത്തിൽ 18 സീറ്റിൽ നിന്നും താഴേക്ക് പോകുന്നത് തങ്ങൾക്ക് വലിയ ക്ഷീണമാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബിജെപിയെ എതിർക്കാനുള്ള പ്രതിപക്ഷ നേതൃനിരയിലേക്ക് പിണറായി വിജയൻ കൂടി എത്തിയാൽ തങ്ങൾക്ക് ലഭിക്കാനുള്ള ന്യൂനപക്ഷ വോട്ടുകളെ, പ്രത്യേകിച്ച് മുസ്ലിം വോട്ടുകളെ ബാധിക്കുമെന്ന് കോൺഗ്രസ് ഭയക്കുന്നു.
മാത്രമല്ല, എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തി അതിശക്തമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം ഉയർത്തിയത്. ഇതിന്റെ പേരിൽ സംസ്ഥാനത്തുടനീളം വലിയ സമരങ്ങൾ നടന്നു. കരിങ്കൊടി സമരങ്ങൾ ഇപ്പോഴും തുടരുകയുമാണ്. ഇത്തമൊരു സന്ദർഭത്തിൽ പിണറായി വിജയനെ കോൺഗ്രസ് വേദിയിലെത്തിക്കുന്നത്, കേരളത്തിൽ എങ്ങനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. പ്രത്യേകിച്ച്, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തേടാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്ന ഈ ഘട്ടത്തിൽ. അഴിമതി വിഷയത്തിൽ ഭരണ-പ്രതിപക്ഷം സന്ധിചെയ്യുന്നുവെന്ന ആരോപണത്തിന് വളംനൽകുന്ന ഇത്തരമൊരു നീക്കം ആത്മഹത്യാപരമായിരിക്കുമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു.
ബിജെപിയെ ശത്രുപക്ഷത്ത് കാണുന്ന, രാജ്യത്തെ വലുതും ചെറുതുമായ രാഷ്ട്രീയ കക്ഷികളെ സന്തോഷിപ്പിക്കുന്ന ഫലമായിരുന്നു കര്‍ണാടകയിലേത്. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി കെട്ടിയുയർത്തുന്ന പ്രതിപക്ഷ ഐക്യനിരയ്ക്ക് കരുത്തേകുന്ന ഫലം. അതുകൊണ്ടുതന്നെയാണ് കർണാടകയിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വലിയ ക്യാൻവാസാക്കി മാറ്റാൻ കോൺഗ്രസ് തയാറായത്.
എന്നാൽ, രാജ്യത്തെ പ്രമുഖരായ കക്ഷി നേതാക്കളെയും മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോഴും കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ മാറ്റിനിർത്തിയതാണ് ഇപ്പോൾ വലിയതോതിൽ ചർച്ചയാകുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഒരു എംഎൽഎയോ എംപിയോ ഇല്ലാത്ത സംസ്ഥാനമാണ് കേരളം.
സംഘപരിവാറിനെയും ബിജെപിയും കടന്നാക്രമിക്കാൻ ഒരിക്കലും മടികാണിക്കാത്ത പിണറായി വിജയനെ ഇത്തരമൊരു ചടങ്ങിൽ നിന്നൊഴിവാക്കിയതിലൂടെ കോണ്‍ഗ്രസ് നൽകുന്ന സന്ദേശം എന്താണെന്നാണ് ചോദ്യം. കേരളത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവിനെയാണ് സിപിഎം നേതാവ് എ കെ ബാലൻ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പങ്കെടുക്കില്ല.പകരം പ്രതിനിധിയായി ലോക്സഭാ ഉപനേതാവ് കകോലി ഘോഷ് ദസ്തിദാർ എത്തും.
സമാജ് വാദി പാർട്ടി, ജെ ഡി (യു), ആർജെഡി, എൻസിപി, ശിവസേന താക്കറെ വിഭാഗം, നാഷണൽ കോൺഫറൻസ് നേതാക്കൾക്ക് പുറമെ സീതാറാം യെച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), മഹ്ബൂബ മുഫ്തി (പിഡിപി), എം കെ സ്റ്റാലിൻ (ഡിഎംകെ), വൈക്കോ (എംഡിഎംകെ), തിരുമണവാളൻ (വിസികെ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ – എംഎൽ), ജയന്ത് ചൗധരി (ആർഎൽഡി), എൻ കെ പ്രേമചന്ദ്രൻ (ആർ എസ് പി), ജോസ് കെ മാണി (കേരള കോൺഗ്രസ്), പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലിം ലീഗ്) തുടങ്ങിയവരും ചടങ്ങിനെത്തിയേക്കും.
പ്രതിപക്ഷ നിരയിലെ ബിആർഎസ്, ബിജെഡി, വൈഎസ്ആർസിപി, ആം ആദ്മി പാർട്ടി, ബി എസ് പി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
പിണറായിയെ ഒഴിവാക്കിയതോ?
2018ൽ കോൺഗ്രസ്- ജെ ഡി-എസ് സഖ്യ സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), അരവിന്ദ് കെജ്രിവാൾ (ഡൽഹി), മമത ബാനർജി (പശ്ചിമബംഗാൾ), എൻ ചന്ദ്രബാബു നായിഡു (ആന്ധ്രാ പ്രദേശ്), ബി എസ് പി അധ്യക്ഷ മായാവതി തുടങ്ങിയവരും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ പിണറായി വിജയനെ ഒഴിവാക്കിയത് മനഃപൂർവമാണെന്ന് സിപിഎം കരുതുന്നു. അതൃപ്തി കേന്ദ്രനേതാവ് പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ പരസ്യമാക്കുകയും ചെയ്തു.
അതേസമയം കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെ രംഗത്തെത്തി. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറയുന്നു.
ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരാണെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സംബന്ധിച്ച് അദ്ദേഹമാണ് പാര്‍ട്ടിയുടെ നേതാവ്. പ്രതിപക്ഷ ചര്‍ച്ചയിലാണെങ്കിലും പാര്‍ട്ടി നേതാക്കളെയാണ് ക്ഷണിക്കാറുള്ളത്. ചടങ്ങിലേക്ക് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.