വയനാട്: വയനാട് ക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബെയ്‌ലി പാലം സജ്ജമാകുന്നതോടെ ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൈവരുമെന്ന് മുഖ്യമന്ത്രി . സര്‍വകക്ഷിയോഗത്തിന് ശേഷം നടക്കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരും.
നിലവില്‍ രക്ഷാദൗത്യം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇനിയും ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടാകാം. ജീവനോടെ ആരും ബാക്കിയില്ല എന്ന് സൈന്യം അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാലിയാര്‍ പുഴയിലും മൃതദേഹങ്ങള്‍ക്കായി പരിശോധന നടത്തും. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.
ഇപ്പോള്‍ പ്രധാന ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണ്. ദുരിതാശ്വാസ ക്യാംപ് അല്‍പദിവസം കൂടി തുടരും. ക്യാംപില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ക്യാംപിനുള്ളിലേക്ക് കയറരുത് എന്നും വിവരങ്ങള്‍ അറിയാനും പങ്ക് വെക്കാനും പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങളെ മാത്രമെ പ്രവേശിപ്പിക്കൂ.