മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ രക്ഷാപ്രവർത്തനത്തിന് തോട്ടം തൊഴിലാളികൾ, ഫയർഫോഴ്‌സ് എത്തിയത് വൈകി.മൊബൈൽ മെഡിക്കൽ സംഘത്തേയും 15 ആംബുലൻസുകളും അയച്ചതായി ആരോഗ്യ മന്ത്രി.

ഇടുക്കി :ഇടുക്കി മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. പന്ത്രണ്ട് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാ പ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാറിലെ പെട്ടിമുടി മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക മെഡിക്കല്‍ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിനെയും നിയോഗിച്ചു. മണിക്കൂറുകളെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തിയത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ഏഴരയ്ക്ക് ശേഷമാണ് പുറംലോകം അപകടത്തെക്കുറിച്ച് അറിഞ്ഞത്. തോട്ടം തൊഴിലാളികളും ആദിവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി കിലോമീറ്ററുകളോളം നടന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. രക്ഷാ പ്രവർത്തനത്തിന് സജ്ജീകരണം ഒരുക്കിയതായി മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ദേശിയ ദുരന്തനിവാരണ സേനയും പുറപ്പെട്ടിട്ടുണ്ട്. ഇടുക്കിയിൽ എയർലിഫ്റ്റിംഗിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

അതേസമയം മണ്ണിടിച്ചിൽ ഉണ്ടായ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് തോട്ടം തൊഴിലാളികൾ. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത് വൈകിയാണെന്നും പ്രദേശത്ത് ആദ്യമെത്തിയ മാധ്യമപ്രവർത്തകൻ ബിനീഷ് പറഞ്ഞു. മൂന്നാറിൽ നിന്ന് പതിനെട്ട് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11.45 ഓടെ ചെറിയ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. സംഭവ സ്ഥവത്തിന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ റോഡ് തകർന്ന അവസ്ഥയിലായിരുന്നു. രണ്ടര കിലോമീറ്റർ നടന്നു നീങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. താൻ അവിടെ എത്തുമ്പോൾ രക്ഷാപ്രവർത്തനത്തിൽ മുന്നിട്ട് നിന്നത് തോട്ടം തൊഴിലാളികളാണ്. ഫയർഫോഴ്‌സ് എത്തിയത് വൈകിയാണ്. തോട്ടം തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 78 പേരെ കാണാതായതിൽ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. എട്ട് പേരുടെ മൃതദേഹം കണ്ടെത്തി. കനത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണെന്നും ബിനീഷ് പറഞ്ഞു.

 

Top