മഴക്കെടുതി; നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. കേരളത്തില്‍ ഒന്‍പതു ജില്ലകളിൽ‌ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്കു സാധ്യത. ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത നിർദേശം നൽകി. ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. മഴയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 30 ആയി. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 6 മൃതദേഹങ്ങൾ കണ്ടെടുത്തു.

നിലമ്പൂർ ഭൂതാനത്തും കവളപ്പാറയിലും ഉരുള്‍പൊട്ടി. മുപ്പതോളം വീടുകൾ മണ്ണിനടിയിലായി. ഇവിടെ അൻപതോളം പേർ കുടുങ്ങിയതായും സംശയിക്കുന്നു.യാത്രാവിമാനങ്ങൾക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നാണു നാവികസേന വിമാനത്താവളം യാത്രാ ആവശ്യങ്ങൾക്കായി തുറന്നത്. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. കുറ്റിപ്പുറം ഭാഗത്ത് റെയിൽപാളത്തിൽ വെള്ളം കയറുകയും കരക്കാട് മണ്ണിടിയുകയും ചെയ്തു.

കോഴിക്കോട് കല്ലായി റയിൽവേ പാലം അപകടാവസ്ഥയിലാണ്. ദീർഘദൂരട്രെയിനുകൾ കോട്ടയം വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം ഇന്ന് രാവിലെ തടസ്സപ്പെട്ടു. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയാണ് സർവീസ്. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായിൽ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

Top