കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരാണ് 14-ൽ 13 പേരും മരിച്ച വിവരം അറിയിച്ചിട്ടുള്ളത്.
അതേസമയം, ജനറൽ ബിപിൻ റാവത്തിൻറെ അവസ്ഥ എന്താണെന്ന് അറിവായിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. വില്ലിങ്ടൺ കൻറോൺമെൻറിലെ ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും എത്തിയത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
അതേസമയം, അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ വിശദീകരണം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂവെന്ന് റിപ്പോർട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.എന്നാൽ, സി.ഡി.എസ്. ബിപിൻ റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ഡി.എൻ.എ. പരിശോധനകൾ നടത്തിയാണ് മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടത്തുന്നതെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ ഇതടക്കമുള്ള കാര്യങ്ങൾ രാജ്‌നാഥ് സിങ് നാളെ പ്രസ്താവിച്ചേക്കും. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക അപകടത്തിൽ മരിച്ചു.
ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
ഹെലികോപ്റ്റർ വലിയ ശബ്ദത്തോടെ മരങ്ങൾക്കിടയിലൂടെ നിലംപതിക്കുകയായിരുന്നുവെന്നും കത്തിയമർന്ന ഹെലികോപ്റ്ററിൽ നിന്ന് മൂന്നു പേർ താഴെവീഴുന്നത് കണ്ടതായും ദൃക്സാക്ഷികളായ പ്രദേശവാസികൾ പറഞ്ഞു.
ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനൻറ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
സൈന്യത്തിൻറെ നേതൃത്വത്തിൽ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.