ധീരനായകന് യാത്രമൊഴി: സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട

ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക ‌റാവത്തിനും രാജ്യം വിടനൽകി. ബ്രാർ സ്ക്വയറിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് 17 ഗൺ സല്യൂട്ടോടെ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നു. മൃതദേഹങ്ങൾ വിലാപയാത്രയായാണു ബ്രാർ സ്ക്വയറിലേക്കെത്തിച്ചത്. മകൾ ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തി.

3.30 മുതൽ 4 വരെ ബ്രാർ സ്ക്വയറിൽ പൊതുദർശനത്തിനു വച്ചു. പിന്നീട് വിവിഐപികൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാ‍ഞ്ജലി അർപ്പിച്ചു. മതപരമായ ചടങ്ങുകൾക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങൾ ഒരേ ചിതയിലേക്കെടുത്തു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥരാണ് സംസ്കാര ചടങ്ങുകളുടെ ഭാഗമാകാനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബാനന്ദ സോനോവാൾ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ.കെ.ആന്റണി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും റാവത്തിന് അന്തിമോപചാരം അർപ്പിച്ചു. ഇവരെക്കൂടാതെ, ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.

ഡിസംബർ എട്ടിനാണ് വ്യോമസേനയുടെ M17V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിച്ചത്. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. ജനറൽ ബിപിൻ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Top