ജനനായകന് വിട; പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വഴിയരികില്‍ ജനസാഗരം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ട് മൂന്നോട്ട് നീങ്ങുകയാണ്. പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനക്കൂട്ടം റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞതോടെ വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. വിലാപയാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ടത് മൂന്നര മണിക്കൂര്‍ സമയമെടുത്തതാണ്. റോഡരികില്‍ ഇരുവശവും നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.

രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ രമേശ് ചെന്നിത്തല,വിഡി സതീശന്‍, ഷാഫി പറമ്പില്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടില്‍ തളംകെട്ടി നിന്നു. നിരവധി പേരാണ് വീട്ടിലും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദര്‍ശനം. സംസ്‌കാരം നാളെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top