പതിമൂന്നിന്റെ ദൗർഭാഗ്യത്തിൽ ഭയന്ന് കെ.എം മാണി: എല്ലാം ചതിച്ച വർഷത്തിൽ തിരഞ്ഞെടുപ്പിൽ അടിതെറ്റുമോ..?

രാഷ്ട്രീയ ലേഖകൻ

കോട്ടയം: പതിമൂന്നിന്റെ ദൗർഭാഗ്യത്തിൽ ഭയന്നാണ് ഇത്തവണ പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം മാണി നിയമനസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങുന്നത്. 13 ാം നിയമസഭയുടെ 13ാം ബജറ്റ് അവതരിപ്പിക്കാനിറങ്ങിയ കെ.എം മാണിയെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു. 13ാം തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് ദുരന്തമാകുമോ എന്ന ഭയമാണ് കെ.എം മാണിയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അയ്യായിരം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചെത്തിയ കെ.എം മാണിയെ നിയമസഭയിൽ കാത്തിരുന്നത് പ്രതിസന്ധികളുടെ കാലമായിരുന്നു. സർക്കാരിന്റെ ആദ്യ കാലഘട്ടത്തിൽ തിളക്കമേറിയ പ്രഖ്യാപനങ്ങൾ നടത്തിയ കെ.എം മാണിക്കു, അവസാനത്തെ രണ്ടു വർഷം പ്രതിസന്ധികളുടേതായിരുന്നു. ആദ്യ സമയങ്ങളിൽ കെ.എം മാണിയെ പിൻതുണച്ചു നിന്നിരുന്ന പി.സി ജോർജിന്റെ വകയായിരുന്നു ആദ്യ വെല്ലുവിളി. പി.സി ജോർജിന്റെ ശക്തികേന്ദ്രങ്ങളായ രണ്ടു പഞ്ചായത്തുകൾ ഉൾപ്പെടുത്തി പാലാ നിയോജക മണ്ഡലം വിപുലീകരിച്ചതോടെ വിജയ പ്രതീക്ഷ അസ്തമിച്ച കെ.എം മാണി, 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.സി ജോർജിനെ ഒപ്പം കൂട്ടി കഷ്ടിച്ചു വിജയം ഉറപ്പിക്കുകയായിരുന്നു.
ധനമന്ത്രിയായി അധികാരത്തിലിരുന്ന കെ.എം മാണിയുടെ കഷ്ടകാലം തുടങ്ങിയത് ബാറുകൾ പൂട്ടാനുള്ള സർക്കാർ തീരുമാനം പുറത്തു വന്നതോടെയാണ്. ബാർ പൂട്ടാനുള്ള സർക്കാർ തീരുമാനം എത്തിയതിനു പിന്നാലെ, ചാനൽ ചർച്ചയിൽ അപ്രതീക്ഷിതമായി ബാർ ഉടമയായ ബിജുരമേശിന്റെ വക ആദ്യ വെടിപൊട്ടി. ഇതോടെ കെ.എം മാണിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. പിന്നാലെ, പ്രതിഷേധവുമായി പ്രതിപക്ഷം തെരുവിലിറങ്ങി. കെ.എം മാണി ബജറ്റ് വിറ്റു തുടങ്ങിയ ആരോപണങ്ങളുടെ പെരുമഴയിൽ മാണിയും സർക്കാരും മുങ്ങിക്കുളിച്ചു.
2015 മാർച്ച് 13 നു നിയമസഭയിൽ സംസ്ഥാനത്തെ 13-ാം നിയമസഭയുടെയും തന്റെയും 13-ാം ബജറ്റും അവതരിപ്പിക്കാനെത്തിയ കെ.എം മാണിയെ തടയാൻ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ പ്രബുദ്ധ കേരളത്തെ നാണം കെടുത്തുന്നതായിരുന്നു. ഒടുവിൽ ഹൈക്കോടതിയിൽ നിന്നു നിരവധി തവണ നാണം കെട്ട കെ.എം മാണിക്കു ഇത്തവണ അടിപതറി മന്ത്രിസ്ഥാനം രാജി വച്ച് പുറത്തു പോകുമ്പോൾ കേരള കോൺഗ്രസിന്റെയും കെ.എം മാണിയുടെയും രാഷ്ട്രീയ ചരിത്രത്തിലെ വൻവീഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
ഇത്തവണ പാലായിലെ മെമ്പറാകാൻ 13-ാം തവണ കെ.എം മാണി ജനവിധി തേടിയിറങ്ങുമ്പോൾ ഒരു തവണ പോലും പരാജയപ്പെട്ടിട്ടില്ലെന്ന ജനവിധി തന്നെയാണ് മാണിയെ ഭയപ്പെടുത്തുന്നത്. 13-ാം നിയമസഭയിൽ 13-ാം ബജറ്റ് അവതരിപ്പിച്ച കെ.എം മാണി 13-ാം തവണ പാലായിലെ അംഗമാകാനിറങ്ങുന്നത്. അപകടം നിറഞ്ഞ കളിയാകുമോ എന്ന ഭയം..!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top