
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് പതിനഞ്ചു വയസുകാരി രംഗത്ത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ മികച്ച സംഭാവനകള്‍ നല്‍കിയതിന്‍റെ പേരില്‍ ആദരിക്കപ്പെട്ട ജാന്‍വി ബെഹലാണ് കനയ്യ കുമാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു നേരെ മോശം പദങ്ങള്‍ ഉപയോഗിക്കുന്ന കനയ്യ കുമാര്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുന്പ് നൂറുവട്ടം ആലോചിക്കണമെന്നും ബെഹല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി മോദിയെ തിരഞ്ഞെടുത്തത് ഇന്ത്യയിലെ ജനങ്ങളാണെന്നും ബെഹല്‍ കൂട്ടിച്ചേര്‍ത്തു.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, അതിരുകള്‍ ലംഘിക്കാനുള്ള അവകാശമാണ് അതെന്ന് അര്‍ത്ഥമില്ല. കനയ്യ കുമാറും മറ്റുള്ളവരും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മൗലികാവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ജെ.എന്‍.യുവില്‍ നടന്നത് ഒരു ഇന്ത്യന്‍ പൗരനും സഹിക്കാനാവുന്നതല്ല. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് അവിടെ ഉയര്‍ന്നത്. പാകിസ്ഥാനോട് പോരാടി ഇന്ത്യയ്ക്കു വേണ്ടി സൈനികര്‍ ജീവന്‍ ബലിയര്‍പ്പിക്കുന്ന കാര്യം ആരും മറക്കരുത്- ജാന്‍വി പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വിദ്യാര്‍ത്ഥി നേതാക്കള്‍ നരേന്ദ്ര മോദിയെ ചെളി വാരിയെറിയുകയും മോശം ഭാഷയില്‍ അധിക്ഷേപിക്കുകയുമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കു നേരെ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജാന്‍വി ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല ജാന്‍വി വാര്‍ത്തകളില്‍ നിറയുന്നത്. അശ്ളീല സിനിമകളും സാമൂഹ്യ മാദ്ധ്യമങ്ങളിലെ അശ്ളീല ഉള്ളടക്കങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജാന്‍വി റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സ്കൂള്‍ യൂണിഫോം അണിഞ്ഞാണ് ജാന്‍വി കോടതിയില്‍ ഹാജരായത്. കോടതിയില്‍ നിന്ന് അനുകൂല വിധിയാണ് ഈ കുട്ടിക്ക് ലഭിച്ചതും. വിവിധ സംഘടനകള്‍ റോഡ് തടഞ്ഞ് സമരം നടത്തുന്നതും ജാന്‍വി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.ജയിൽ മോചിതനായ ശേഷം രാജ്യദ്രോഹ വിഷയത്തിൽ സംവാദത്തിന് കനയ്യ കുമാർ മുതിർന്ന ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയേയും തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു.