കനയ്യയെയും മേവാനിയെയും പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നീക്കം ! പ്രചാരണം അസംബന്ധം’: ഡി രാജ

ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യ കുമാറിനെയും ഗുജറാത്തിലെ എംഎൽഎയും പ്രമുഖ ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെയും പാർട്ടിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കനയ്യയെയും മേവാനിയെയും പാർട്ടിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് അനുകൂല നിലപാടാണ്. ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ വഴിയാണ് മേവാനിയുമായി കോൺഗ്രസ് ആശയവിനിമയം നടത്തുന്നത്. കനയ്യയുമായി കഴിഞ്ഞ ദിവസം രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. അത്തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്ന് ഡി. രാജ പറഞ്ഞു. കനയ്യയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഊഹാപോഹങ്ങളെയെല്ലാം തള്ളുകയാണെന്നും ഡി. രാജ പ്രതികരിച്ചു.ദേശീയ എക്‌സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് കനയ്യ. അദ്ദേഹം പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണ്. ദേശീയ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ അദ്ദേഹത്തിന് ഏതൊരു രാഷ്ട്രീയ നേതാവുമായി ചര്‍ച്ച നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. കനയ്യ സീതാറാം യെച്ചൂരിയെ കണ്ടാല്‍ സംശയിക്കേണ്ടതുണ്ടോ എന്നും ഡി രാജ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതാണ് പ്രചാരണത്തിന് കാരണമായത്. പ്രചാരണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ആദ്യമായല്ല രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതെന്ന് പറഞ്ഞ കാനം കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്ന് പോരാടുന്ന യുവ നേതാവാണ് കനയ്യയെന്നും പറഞ്ഞിരുന്നു. ഒക്ടോബറില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ കനയ്യകുമാര്‍ പങ്കെടുക്കുമെന്നും കാനം രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

ബിഹാറിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കനയ്യ കുമാറിനെ കൊണ്ടുവരണമെന്നത് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പദ്ധതിയാണ്. ബിഹാറുകാരനാണ് പ്രശാന്ത് കിഷോറും. രാഹുൽ –കനയ്യ കൂടിക്കാഴ്ചയിൽ മധ്യസ്ഥനായതും പ്രശാന്ത് കിഷോറാണ്.

കനയ്യ കോൺഗ്രസിലെത്തിയാൽ ബിഹാറിൽ പാർട്ടിയുടെ നേതൃനിരയിൽ അദ്ദേഹത്തെ കൊണ്ടുവരും. ബിഹാർ പിസിസി പ്രസിഡന്റായി മുൻ കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന മീരാ കുമാറിനെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. ഗുജറാത്തിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇക്കുറി ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുള്ള സാഹചര്യത്തിൽ ഗുജറാത്ത് പോര് കടുക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വഡ്ഗാം മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച മേവാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.രാജീവ് സതവിന്റെ മരണത്തെത്തുടർന്ന് ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. യുവനേതാവ് സച്ചിൻ പൈലറ്റിനെ ആ ചുമതലയേൽപിച്ചേക്കും.

Top