16 കാരന്‍ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം ആവശ്യപ്പെട്ട ശേഷം കൊലപ്പെടുത്തിയതിന്‍റെ കാരണം പുറത്ത്  

 

 

ചണ്ഡീഗഡ് : 16 കാരന്‍ പണം തട്ടാനായി 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. ഹരിയാനയിലാണ് നടുക്കുന്ന സംഭവം. ക്രൂരകൃത്യം ചെയ്ത കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാള്‍ മൊഴി നല്‍കി.  ഒരു സിനിമയില്‍ കണ്ട പ്രകാരമാണ് 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷിച്ച് വീട്ടിലെത്തുമ്പോള്‍ 16 കാരന്‍ യാതൊരു കൂസലുമില്ലാതെ ലാപ്‌ടോപ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെള്ളം നിറച്ച വീപ്പയില്‍ മുക്കിയാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയത് തുടര്‍ന്ന് വാട്ടര്‍ കൂളറിനകത്ത് മൃതദേഹം ഒളിപ്പിച്ചു. തന്റെ അര്‍ദ്ധ സഹോദരന്‍ ജോലി ചെയ്യുന്ന കടയുടെ ഉടമയുടെ മകളെയാണ് 16 കാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.  കസിന്‍, കുടുംബത്തോടൊപ്പം ഉത്തര്‍ പ്രദേശില്‍ പോയതിനാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഉചിത സമയമായി 16 കാരന്‍ ഇതിനെ കണക്കാക്കി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ ഇയാള്‍ വശീകരിച്ച് ഒപ്പം കൂട്ടി തന്റെ വീട്ടിലെത്തിച്ചു. എന്നാല്‍ കുട്ടി തിരിച്ചെത്താതായതോടെ വീട്ടുകാര്‍ തിരച്ചിലാരംഭിച്ചിരുന്നു. പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് 20 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് 16 കാരന്‍ കുട്ടിയുടെ അയല്‍വാസിയെ ബന്ധപ്പെടുന്നത്. ഈ വിവരവും പൊലീസിനെ ധരിപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. എന്നാല്‍ പൊലീസ് ഇക്കാര്യം അറിഞ്ഞെന്ന് കൗമാരക്കാരന്‍ തിരിച്ചറിഞ്ഞു.  പൊലീസ് എത്തുന്നുവെന്ന് മനസ്സിലാക്കിയ 16 കാരന്‍, കുട്ടി ശബ്ദമുണ്ടാക്കുമോയെന്ന ഭയത്താല്‍ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൂളറിനുള്ളില്‍ ഒളിപ്പിക്കുകയും ചെയ്ത് ലാപ്‌ടോപ്പും തുറന്നുവെച്ച് വീട്ടിലിരുന്നു. അപ്പോഴാണ് പൊലീസ് എത്തി ഇയാളെ പിടികൂടുന്നത്.

Top