കാമുകിയുടെ വിവാഹം ഉറപ്പിച്ചു: പ്രതികാരമായി തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച കാമുകന്‍ പിടിയില്‍

മൂവാറ്റുപുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മൂവാറ്റുപുഴ കോട്ടപ്പടി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠിയുടെ സഹായത്തോടെ വെറ്റിലപ്പാറ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കോളേജില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാറിലെത്തിയ സഹപാഠി, അച്ഛന് സുഖമില്ലെന്ന് അറിയിച്ചാണ് ഇവരെ കാറില്‍ കയറ്റിയത്.

ഈ സമയത്ത് കാറില്‍ വെറ്റിലപ്പാറ സ്വദേശിയായ ദില്‍ഷാദ് എന്ന യുവാവും ഡ്രൈവറും ഉണ്ടായിരുന്നു. കാര്‍ അടിമാലി ഭാഗത്തേക്ക് നീങ്ങിയതോടെ വിദ്യാര്‍ത്ഥിനി ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹപാഠിയും ദില്‍ഷാദും കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദില്‍ഷാദ് ഇവരുടെ പിതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കുടുംബം അംഗീകരിച്ചില്ല. അവര്‍ മറ്റൊരു വിവാഹംം ഉറപ്പിക്കുകയും ചെയ്തു.

വിവാഹം കഴിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ബഹളം വച്ചപ്പോള്‍ വാഹനം മുന്നോട്ടെടുക്കാനാവില്ലെന്ന് ഡ്രൈവര്‍ നിലപാടെടുത്തതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Top