2000 രൂപ നോട്ട് പിന്‍വലിക്കില്ലെന്ന് കേന്ദ്രം; പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ലോക്‌സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് കറന്‍സികളുടെ സാധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ഥം അഞ്ച് നഗരങ്ങളില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. സമീപഭാവിയില്‍ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊച്ചി, മൈസൂര്‍, ജയ്പൂര്, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ബാങ്കിംഗ് നോട്ടുകള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈ നോട്ടുകള്‍ ഇന്ത്യന്‍ പ്രസുകളില്‍ തന്നെയാകും അച്ചടിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എപ്പോഴാണ് പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുക എന്നതു സംബന്ധിച്ച് വ്യക്തതയില്ല. 2016 നവംബറിലാണ് പഴയ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2,000 രൂപാ നോട്ടുകള്‍ അവതരിപ്പിച്ചത്. കള്ളപ്പണം പിടികൂടുക, രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടു പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ കാരണങ്ങളായി പറഞ്ഞിരുന്നത്.

Top