തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കണ്ണൂർ ചുവക്കും .പിടിച്ചെടുക്കാൻ ശക്തനായ ജയരാജനെ തന്നെ ഇറക്കി സിപിഎം . കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം.വി.ജയരാജൻ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. കാസർകോട് മണ്ഡലത്തിൽ എം വി ബാലകൃഷ്ണനായിരിക്കും സിപിഎം സ്ഥാനാർത്ഥി.
എം വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യം വന്നാൽ പകരം ആര് എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിൽ ധാരണ ആയിട്ടില്ല. പകരം ചുമതല ആർക്കു നൽകുമെന്നതിൽ ധാരണയായില്ല എങ്കിലും ടിവി രാജേഷിനോ ജയിംസ് മാത്യുവിനോ നൽകുവാൻ സാധ്യത .സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം 21ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കും.
വടകര മണ്ഡലത്തിൽ കെ.കെ.ശൈലജ എംഎൽഎയും കാസർകോട്ട് എം.വി.ബാലകൃഷ്ണനും സ്ഥാനാർഥിയാകും. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്കു സിറ്റിങ് എംഎൽഎയും നടനുമായ എം. മുകേഷിന്റെ പേര് നിർദേശിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പത്തനംതിട്ടയിൽ മുൻമന്ത്രി ടി.എം.തോമസ് ഐസക്കിനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പിന്തുണ. ഐസക്കിന്റെ പേരു മാത്രമാണു സെക്രട്ടേറിയറ്റിൽ ഉയർന്നത്. ഞായറാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിക്കുശേഷം നിർദേശം സംസ്ഥാന കമ്മിറ്റിക്കു കൈമാറുമെന്നു നേതാക്കൾ അറിയിച്ചു.
ആലപ്പുഴയില്‍ സിറ്റിങ് എംപി എ.എം.ആരിഫ് തന്നെ മത്സരിക്കും. പാലക്കാട്ട് എ.വിജയരാഘവനും ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും മത്സരിക്കാനാണു സാധ്യത. കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീമും മത്സരിക്കും. അന്തിമ തീരുമാനം 21നു നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും. പൊളിറ്റ്ബ്യൂറോ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും.
പി ബി അംഗങ്ങളും മന്ത്രിയുമടക്കമുള്ള മുതിർന്ന നേതാക്കളുടെ ശക്തമായ നിരയെതന്നെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. നിലവിൽ വലിയ ചർച്ചയായ വടകര മണ്ഡലത്തിൽ നിന്ന് മുൻ മന്ത്രി കെ കെ ശൈലജ കെ മുരളീധരന് എതിരാളിയാകും. മണ്ഡലത്തിൽ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കാൻ ശൈലജയ്ക്ക് കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. കണ്ണൂരിൽ എം വി ജയരാജൻ, കാസർഗോഡ് എം വി ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. കോഴിക്കോട് എളമരം കരീം മത്സരിക്കും. മത്സരത്തിനില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും ആലത്തൂരിൽ രമ്യ ഹരിദാസിന് എതിരാളിയാകുന്നത് മന്ത്രി കെ രാധാകൃഷ്ണന്‍ ആകാനാണ് സാധ്യത. പാലക്കാട് സ്വരാജിന്‍റെതടക്കമുള്ള പേര് പരിഗണിച്ചെങ്കിലും പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് മത്സരിക്കുക. കൊല്ലത്ത് നടൻ മുകേഷ്, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ.എം ആരിഫ്, എന്നിവരും സ്ഥാനാർത്ഥികളാകും.
എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ 2 മണ്ഡലങ്ങളിലും ഇനിയും വ്യക്തമായ ധാരണയില്ല. ജില്ലാ കമ്മിറ്റികളുടെ ശുപാർശയാകും നിർണായകം. എറണാകുളത്ത് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താൽപര്യം. എങ്കിലും മറ്റു ഘടകങ്ങൾ പരിഗണിച്ച് സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കുന്നതും പരിഗണനയിലാണ്. സി.രവീന്ദ്രനാഥ് പിൻമാറിയതോടെ ചാലക്കുടിയിലെ സ്ഥാനാർഥിയെ നിർദേശിക്കാനുള്ള ചുമതല എറണാകുളം ജില്ലാ കമ്മിറ്റിയുടേതു കൂടിയായി. ചാലക്കുടിയിലെ 4 നിയമസഭാ മണ്ഡലങ്ങൾ എറണാകുളം ജില്ലയിലാണ്.