251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വാഗ്ദാനം വെറും തട്ടിപ്പായിരുന്നു എന്ന് ഉറപ്പായി. മോഹനവാഗ്ദാനത്തില്‍ വഞ്ചിതരായി പണമടച്ചവര്‍ക്ക് അതു തിരിച്ചുനല്‍കി കേസൊതുക്കാനുള്ള ശ്രമങ്ങളുമായി ഉടമകള്‍ രംഗത്ത്. നോയ്ഡയിലെ ഓഫീസ് പൂട്ടി ജനരോക്ഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ശക്തമായി.
ആദായനികുതി വകുപ്പില്‍നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍നിന്നും ഐ.ടി. വകുപ്പില്‍നിന്നുമുള്ള അന്വേഷണം ശക്തമായതോടെയാണ് റിങ്ങിങ് ബെല്‍സ് എന്ന കമ്പനിക്ക് പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നത്. 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുമെന്നുകരുതി 75 ലക്ഷത്തോളംപേര്‍ ബുക്ക് ചെയ്‌തെന്നായിരുന്നു ഉടമകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, കമ്പനി പ്രസിഡന്റ് അശോക് ചദ്ദയും പ്രമോട്ടര്‍ മോഹിത് ഗോയലും ഇപ്പോള്‍ അവകാശപ്പെടുന്നത് 75 ലക്ഷത്തോളം രൂപ മാത്രമാണ് ലഭിച്ചതെന്നാണ്.
30,000ത്തോളം പേരാണ് പണം അടച്ചതെന്നും ഇതില്‍നിന്ന് 30,000 രൂപ ലഭിച്ചെന്നുമാണ് ഇവര്‍ പറയുന്നത്. ഈ തുക തിരിച്ചുകൊടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ ഉടമകള്‍ ശ്രമിക്കുന്നത്. ഫോണ്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുന്‍കൂര്‍ ബുക്കിങ്ങിന് പകരം ക്യാഷ്ഓണ്‍ഡെലിവറി സംവിധാനത്തിലൂടെയാകും ഫോണ്‍ നല്‍കുകയെന്നും അവര്‍ ഇപ്പോള്‍ അവകാശപ്പെടുന്നു.
നോയ്ഡയിലെ ഓഫീസ് പൂട്ടുന്നില്ലെന്നും ഓഫീസ് നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമയാവശ്യപ്പെട്ടതനുസരിച്ച് തല്‍ക്കാലം ഒഴിഞ്ഞുകൊടുക്കുക മാത്രമാണെന്നും അശോക് ചദ്ദ പറഞ്ഞു. ഏപ്രില്‍ 15 മുതല്‍ ഫോണുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും ചദ്ദ പറഞ്ഞു. 31 രൂപ മാത്രമാണ് ഇതില്‍നിന്ന് പ്രതീക്ഷിക്കുന്ന ലാഭമെന്നും അദ്ദേഹം പറയുന്നു.