മാവോയിസ്റ്റുകളെ ഓടാൻ പറഞ്ഞിട്ട് വെടിവച്ചതോ..? മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു..!! മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

വാളയാർ കൊലപാതകത്തിലെ അട്ടിമറിയെത്തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധങ്ങൾ അടങ്ങുന്നതിന് മുമ്പ് പിണറായി സർക്കാർ മറ്റൊരു പ്രതിസന്ധിയിലേയ്ക്ക് കടന്നിരിക്കുകയാണ്.  അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ രൂക്ഷമായ പ്രതിഷേധം ഉയരുന്നത്.

നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനമുന്നയിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നു ശൂന്യവേളയിൽ വിഷയം അവതരിപ്പിച്ച പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ കൊല്ലുകയും, ചെ ഗവേരയ്ക്ക് ജയ് വിളിക്കുകയുമാണ് സിപിഎമ്മെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓടാന്‍ പറഞ്ഞിട്ട് വെടിയുതിര്‍ത്തതാണോ എന്ന് സംശയമുണ്ടെന്ന് എന്‍. ഷംസുദീന്‍ ആരോപിച്ചു. എന്നാൽ വ്യാജ ഏറ്റുമുട്ടല്‍ വാദം നിഷേധിച്ച മുഖ്യമന്ത്രി, എതിരാളികളെ ആയുധം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന രീതി പ്രതിപക്ഷത്തിന്‍റേതാണെന്നു തിരിച്ചടിച്ചു.

ഇതിനിടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കൾ. കൊല്ലപ്പെട്ട കാർത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണു മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിന് മുൻപ് മൃതദേഹം തിരിച്ചറിയാൻ അവസരം നൽകുമെന്നു പൊലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണു നടപടി.

മൃതദേഹങ്ങൾ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇൻക്വസ്റ്റിനു മുന്‍പു നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാർത്തിയുടെ അമ്മയും സഹോദരിയും മനോരമ ന്യൂസിനോടു പറഞ്ഞു. റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു ഇവർ കലക്ടർക്കു പരാതി നൽകി. കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തിൽനിന്ന് 5 തിരകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയിൽ ഉൾപ്പെടെ ഇവരുടെ ശരീരത്തിൽ‌ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്. രമയുടേയും കാർത്തിയുടേയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

നാല് മാവോവാദികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ കമ്മീഷന്‍ സംസ്ഥാനപോലീസ് മേധാവിക്ക് നോട്ടീസയച്ചു.

മാവോവാദികളെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ടു നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കണ്ട മാത്രയില്‍ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

മാവോയിസ്റ്റാണെന്ന സംശയത്തില്‍ നാലുപേരുടെ ജീവന്‍ കവരാനുള്ള അധികാരം പോലീസിനില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിര്‍വഹിക്കാന്‍ കോടതി പോലീസിന് അധികാരം നല്‍കിയിട്ടുമില്ല. അതേ സമയം സ്വയം പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് അവകാരമുണ്ട്. അട്ടപ്പാടിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

 

Top