ജയ്പൂര്‍: രാജസ്ഥാനിലെ സിക്കറില്‍ 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. സമീര്‍, ഗുലാം എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. മൂന്നുപേരെയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ചുരുവില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കിണറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും സിക്കാര്‍ പൊലീസ് സൂപ്രണ്ട് അലി പാരിസ് ദേശ്മുഖ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസില്‍ ന്യായമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.