ജെല്ലിക്കെട്ട് നിരോധനം : സുപ്രീം കോടതിയെ അംഗീകരിക്കാതെ തമിഴ് ജനത; പ്രതിഷേധം ആളികത്തുന്നു; മോദി ഇടപ്പെട്ട് അനുമതി നല്‍കാന്‍ നീക്കം തുടങ്ങി

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടിലെ പ്രതിഷേധം ആളികത്തുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ തമിഴ്നാട് പൊലീസ് രാത്രി വൈകി ലാത്തിച്ചാര്‍ജ് നടത്തി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാത്ത കേന്ദ്രത്തിനെതിരെയാണ് പ്രധാന സമരക്കാരുടെ രോഷം. അതിനിടെ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതി ഗതികള്‍ വിശദീകരിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം തീരുമാനിച്ചിട്ടുണ്ട്. മോദിയുമായി ഇന്ന് കാരണം.

തമിഴ്നാടും കര്‍ണ്ണാടകയും തമ്മിലെ കാവേരി നദീജലതര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. ഇതിന് സമാനമായ സ്ഥിതിയിലേക്ക് ജെല്ലിക്കെട്ട് പ്രക്ഷോഭവും എത്തുകയാണ്. തമിഴരുടെ വികാരം മാനിച്ച് പ്രധാനമന്ത്രി അടിയന്തര ഇടപെടല്‍ നടത്തുമെന്നാണ് സൂചന. ജെല്ലിക്കെട്ടില്‍ പൊലീസ് ഇടപെടല്‍ ശക്തമായാല്‍ ഇത് സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭമായി വളരും. അതിനാല്‍ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. മറീന ബീച്ചിലെ പൊലീസ് ഇടപെടല്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ രഹസ്യ ഇടപെടലിനത്തെുടര്‍ന്ന് ഇത് അവസാനിപ്പിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് നീക്കം. തമിഴ് സൂപ്പര്‍ താരങ്ങളും ഈ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരത്തെ തണുപ്പിക്കാന്‍ ചെന്നൈ ജില്ലയിലെ 31 കോളജുകള്‍ക്കു ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ലോ കോളജുകള്‍ക്ക് രണ്ട് ദിവസവും അവധി നല്‍കിയിട്ടുണ്ട്. അതേസമയം തമിഴ് സംസ്‌കൃതിയുടെ ഭാഗമായ ജെല്ലിക്കെട്ട് വീണ്ടെടുക്കാന്‍ തങ്ങള്‍ നടത്തുന്നത് അറബ് വസന്തത്തിന് തുല്യമായ സമരമാണെന്ന് സമൂഹമാദ്ധ്യമ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ജെഗര്‍ പ്രഭാകര്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തേക്കില്ലെന്നും ജെല്ലിക്കെട്ടുപോലുള്ള ഉത്സവ ആഘോഷങ്ങള്‍ നിരോധിക്കുന്നത് ശരിയല്ലെന്നും നടന്‍ സൂര്യയും വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ സിങ്കം 3ന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും സൂര്യ പറഞ്ഞു. ജെല്ലിക്കെട്ട് ഇപ്പോള്‍ ജനകീയ കോടതിയിലാണ്. ആഘോഷങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ ഉള്ളതാണ്. അത് നിരോധിക്കണമെന്ന് പറയുന്നത് കോപ്പിയടി നടക്കുന്നതിനാല്‍ പരീക്ഷ നിരോധിക്കണം എന്നു പറയുന്നതുപോലെയാണെന്നും സൂര്യ പറഞ്ഞു.

തമിഴ്നാട്ടില്‍ ഉടനീളം യുവജനങ്ങള്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ നടത്തുന്ന പ്രതിഷേധം തലസ്ഥാനമായ ചെന്നൈയിലേക്കും പടര്‍ന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാകുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മറീന ബീച്ചില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. മധുരയില്‍ ജെല്ലിക്കെട്ട് പ്രക്ഷോഭം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. അതിനിടെ നാമക്കല്‍ ജില്ലയില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് സമരത്തില്‍ അണിനിരന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.

അതേസമയം തമിഴ് സിനിമ മേഖലയിലെ പ്രമുഖരും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. കമല്‍ഹാസന്‍, വിജയ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നടന്മാരും ജെല്ലിക്കെട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാലുവര്‍ഷം മുന്‍പു യുപിഎ സര്‍ക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അന്ന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ ജെല്ലിക്കെട്ട് നടത്തുകയുമായിരുന്നു. പിന്നീട് 2014ല്‍ പെറ്റയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

Top