അമേരിക്കയില്‍ സ്വവര്‍ഗ്ഗ പ്രേമികളുടെ ക്ലബ്ബില്‍ നടന്ന വെടിവെയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫേ്‌ളാറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. 53 പേര്‍ക്ക് പരുക്കേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള പള്‍സ് എന്ന നിശാക്ലബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ക്ലബില്‍ നൂറോളം പേരുണ്ടായിരുന്നു.

പാര്‍ട്ടി അവസാനഘട്ടത്തിലെത്തിയപ്പോള്‍ നൃത്തം ചെയ്യുന്നവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതും പലരും നിലത്ത് അമര്‍ന്നുകിടന്നു. വെടിവയ്‌ക്കുന്നത് അക്രമി അല്‍പ സമയത്തേക്ക് നിര്‍ത്തിയപ്പോള്‍ പുറകുവശത്തെ വാതിലിന് സമീപമുണ്ടായിരുന്നവര്‍ ചിലര്‍ക്ക് ഓടി രക്ഷപ്പെടാനായി.
അക്രമി ചിലരെ ബന്ദികളാക്കി വച്ചതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. പൊലീസെത്തി അക്രമിയെ വധിച്ച ശേഷമാണ് ഇവരെ മോചിപ്പിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ചെറുസ്ഫോടനം നടത്തിയിരുന്നു. പൊലീസ് നടപടി അവസാനിച്ചപ്പോള്‍ ക്ലബ് രക്തക്കളമായിരുന്നു. എങ്ങും കരച്ചിലുകള്‍ മാത്രം. അമ്പതോളം വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പൊലീസുകാരനടക്കം പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ ഉള്ള ഭീകരാക്രമണാണെന്ന് പൊലീസ് പറഞ്ഞു. ആസൂത്രിതമായ സംഭവത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ല. പോപ്പ് ഗായിക ക്ലിസ്റ്റീന ഗ്രിമ്മീയെ വെള്ളിയാഴ്ച രാത്രി ഓര്‍ലാന്‍ഡോയില്‍ വച്ച് ഒരാള്‍ വധിച്ചിരുന്നു. പിന്നാലെ വീണ്ടുമുണ്ടായ വെടിവയ്പ്പില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നഗരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top