ഹാര്‍പ്പിക് കണ്ണിലൊഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലാണ് ക്രൂരസംഭവം അരങ്ങേറിയത്. ഹാര്‍പ്പികും സന്ദു ബാമും ചേര്‍ത്താണ് ജോലിക്കാരിയായ യുവതി വൃദ്ധയുടെ കണ്ണിലൊഴിച്ച് ഇവരെ അന്ധയാക്കിയത്. പൊലീസ് ചോദ്യം ചെയ്യലിലാണ് ജോലിക്കാരിയായ 32കാരി ഭാര്‍ഗവി കുറ്റം സമ്മതിച്ചത്.
സെക്കന്ദരാബാദിലെ നചരാം കോംപ്ലക്‌സില്‍ 73കാരിയായ ഹേമാവതി ഒറ്റക്കാണ്് താമസിച്ചിരുന്നത്. മകന്‍ സചീന്ദര്‍ ലണ്ടനിലാണ് താമസം. ഇയാളാണ് 2021 ഓഗസ്റ്റില്‍ ഭാര്‍ഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി നിയമിച്ചത്. ഏഴ് വയസ്സുള്ള മകള്‍ക്കൊപ്പം കഴിയുന്ന ഭാര്‍ഗവി, ഇതോടെ ഫ്‌ലാറ്റിലേക്ക് താമസം മാറ്റി. ഹേമാവതിയുടെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ അവസരം കാത്തു നില്‍ക്കുകയായിരുന്നു ഭാര്‍ഗവി.
ഒക്ടോബറില്‍ ഹേമാവതി കണ്ണ് ചൊറിയുന്നത് കണ്ട ഭാര്‍ഗവി കണ്ണിലെന്തെങ്കിലും മരുന്ന് ഒഴിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാത്ത്‌റൂം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ഹാര്‍പ്പിക്കും സന്ദു ബാമും വെള്ളത്തില്‍ കലര്‍ത്തി കണ്ണിലൊഴിക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഹേമാവതി തന്റെ മകനോട് കണ്ണിന് അണുബാധയുണ്ടെന്ന് പറഞ്ഞു. അതോടെ അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാഴ്ച കൂടുതല്‍ മങ്ങി വന്നതോടെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താനായിരുന്നില്ല.
മകന്‍ നാട്ടിലെത്തുകയും അമ്മയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹേമാവതിയുടെ കണ്ണില്‍ വിഷം കലര്‍ന്ന മിശ്രിതം വീണിട്ടുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ ഭാര്‍ഗവിയെ സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്‍ഗവി കുറ്റസമ്മതം നടത്തിയത്. മാത്രമല്ല, ഹേമാവതിയില്‍ നിന്ന് 40000 രൂപയും രണ്ട് സ്വര്‍ണ്ണ വളകളും ഒരു സ്വര്‍ണ്ണമാലയും കവര്‍ന്നതായും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത ഭാര്‍ഗവിയെ കോടതി റിമാന്റ് ചെയ്തു.