ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണും, കോവിഡും വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനേഷനു ശേഷമുള്ള ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതൽ 12 മാസത്തെ ഇടവേളയാണ് സർക്കാർ നിർദേശിക്കാനൊരുങ്ങുന്നത് എന്ന് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് ലഭ്യമാക്കി കൊണ്ടിരിക്കുന്ന കോവിഷീൽഡ്, കോവാക്‌സിൻ വാക്‌സിനുകളുടെ ഇടവേളകൾ പരിശോധിച്ചുവരികയാണ്. ബൂസ്റ്റർ ഡോസിന് അർഹരായിട്ടുള്ള ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഇതിനോടകം ഒമ്പത് മാസം പിന്നിട്ടിട്ടുണ്ട്.
കോവിഡിനെതിരെയുള്ള വാക്‌സിൻ സാധാരണ നിലക്ക് രണ്ടു ഡോസുകൾ അടങ്ങിയതാണ്. എന്നാൽ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തോടെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ബൂസ്റ്ററായി പ്രവർത്തിക്കുന്ന ഒരു മൂന്നാം ഡോസിന്റെ ആവശ്യകത ലോകമെമ്പാടും അനുഭവപ്പെടുന്ന സാഹചര്യമാണഅ ഉണ്ടായത്.
ജനുവരി മൂന്ന് മുതൽ 18 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്നാണ് പ്രാധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേരാണ് രണ്ടും ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളത്. 90 ശതമാനത്തോളം പേർ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.