20,000 കോടിയ്ക്ക് പുതിയ പടക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; കടലില്‍ തുടര്‍ച്ചയായി ഒന്നരമാസം സേവനം അനുഷ്ഠിക്കാന്‍ കഴിയുന്നവ

ന്യൂഡല്‍ഹി: നാവികസേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യ പുതിയ പടക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. നാല് പുതിയ സൈനീക കപ്പലുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഇവയിലൂടെ കടലില്‍നിന്നു കരയിലെത്തി ആക്രമണം നടത്താന്‍ സാധിക്കും. കപ്പല്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി.

കടലിലൂടെ വന്നു കരയിലേക്കു കയറിയുള്ള ആക്രമണം നടത്തുന്ന ‘ആംഫിബിയസ് അസോള്‍ട്ട് ഷിപ്പു’കളാണിത്. അമേരിക്ക അടക്കം ചുരുക്കം രാജ്യങ്ങളുടെ നിരയിലേക്കാണ് ഇതോടെ ഇന്ത്യയും ചുവടുവയ്ക്കുന്നത്. കടലില്‍വച്ച് അറ്റകുറ്റപ്പണികള്‍ നടത്താവുന്നതും കൂടുതല്‍ ഇന്ധനശേഷിയുമുള്ള കപ്പലുകളാണിത്. സൈനികരെയും വന്‍തോതില്‍ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക. 30,000 മുതല്‍ 40,000 ടണ്‍ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫൈറ്റര്‍ വിമാനങ്ങള്‍, ഉയര്‍ന്നശേഷിയുള്ള റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങിയവയും കപ്പലിലുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

200 മീറ്റര്‍ നീളമുള്ള കപ്പലിനു കടലില്‍ തുടര്‍ച്ചയായി 45 ദിവസം സേവനമനുഷ്ഠിക്കാനാകും. ആറു പ്രധാന യുദ്ധ ടാങ്ക്, 20 കാലാള്‍പ്പട യൂണിറ്റ്, 40 വലിയ ട്രക്കുകള്‍ എന്നിവ കപ്പലില്‍ കൊണ്ടുപോകാം. രാത്രിയും പകലും പ്രവര്‍ത്തിക്കും. ഓരോ കപ്പലിലും 470 നാവികരും 2300 സൈനികരും സന്നദ്ധരായുണ്ടാകും. സ്വകാര്യകമ്പനികളുടെ സഹകരണത്തോടെയാണ് ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്‌സ് (എല്‍പിഡി) എന്ന ഇത്തരം പടക്കപ്പല്‍ നിര്‍മിക്കുന്നത്. റിലയന്‍സ് ഡിഫന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡും (ആര്‍ഡിഇഎല്‍) ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയും (എല്‍ ആന്‍ഡ് ടി) ആണ് നിര്‍മാതാക്കള്‍. നാലു കപ്പലുകള്‍ക്കായി 20,000 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്കാണ് അനുമതി ലഭിച്ചത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുശേഷമുള്ള വലിയ സൈനിക മുന്നേറ്റമാണിത്. ശത്രുരാജ്യങ്ങളില്‍നിന്നു സമീപകാലത്തു വെല്ലുവിളികള്‍ വര്‍ധിച്ചതാണ് പെട്ടെന്നു തീരുമാനമെടുക്കാന്‍ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

Top