ധാക്ക: ഇന്ത്യാ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ കീപ്പിംഗ് ഗ്ലൗസുമിട്ടു നില്‍ക്കുന്ന വിരാട് കൊഹ്‌ലിയെക്കണ്ട ആരാധകര്‍ അത്ഭുതപ്പെട്ടു. ഉമേഷ് യാദവ് എറിഞ്ഞ 44-ാം ഓവറിലായിരുന്നു ധോണിയ്ക്ക് പകരം കൊഹ്‌ലി കീപ്പറായത്. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ധോണി ഒരോവറിനുശഷം തിരിച്ചെത്തുകയും ചെയ്തു. ധോണി എങ്ങോട്ടാണ് പോയതെന്ന് ആരാധകര്‍ സ്വാഭിവകമായും സംശയിച്ചിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ഇന്ത്യന്‍ ടീം മാനേജര്‍ ബിശ്വരൂരപ് ദേ തന്നെ നേരിട്ട് രംഗത്തെത്തി.
പ്രകൃതിയുടെ വിളികേട്ടാണ് ധോണി പോയത്. അദ്ദേഹം ടോയ്‌ലെറ്റ് ബ്രേക്ക് എടുത്തതാണ്-ബിശ്വരൂരപ് ദേ പറഞ്ഞു. കളിക്കിടെ കളിക്കാര്‍ ടോയ്‌ലെറ്റ് ബ്രേക്ക് എടുക്കുന്നതിനെക്കുറിച്ച് ഐസിസി നിയമങ്ങളില്‍ ഒന്നും പറയുന്നില്ലെങ്കിലും മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി) നിയമനുസരിച്ച് ടോയ്‌ലെറ്റ് ബ്രേക്ക് എടുക്കുന്ന കളിക്കാരന് പകരം ഫീല്‍ഡറെ ഇറക്കാനാവില്ല.
കളിക്കാരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ അമ്പയറുടെ കാര്യമോ എന്നാണ് ആരാധകര്‍ സംശയിക്കുന്നതെങ്കില്‍ ഒരിക്കല്‍ അങ്ങനെയും സംഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന ഒരു ടെസ്റ്റില്‍ അമ്പയറായിരുന്ന ഡിക്കി ബേര്‍ഡിനായിരുന്നു പ്രകൃതി വിളി വന്നത്. ബൗളറായിരുന്ന ഇയാന്‍ ബോതത്തോട് അനുമതിതേടി ബേര്‍ഡ് നേരെ ടോയ്‌ലെറ്റിലേക്ക് ഓടി.