തിരുവനന്തപുരം: ഏതാനും ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളിലെ താരം ഷംസിര്‍ എംഎല്‍എയാണ്. ചാനല്‍ അവതാരകരോട് പൊട്ടിത്തെറിച്ചും വിഢിത്തം പറഞ്ഞും ഉത്തരം മുട്ടിയും ഷംസിര്‍ താരമായിരുന്നു. ഇന്നും മാതൃഭൂമി ന്യൂസിലെ അവതാരകനോട് തട്ടികയറിയാണ് ഷംസിര്‍ തുടങ്ങിയിരിക്കുന്നത്.
മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുന്നില്‍ യുവ എംഎല്‍എ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എ. വിഷയത്തില് റെയ്ഞ്ച് ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പേ തന്നെ സര്‍ക്കാര്‍ ഇത്തരമൊരു പരസ്യം നല്‍കിയതിന്റെ ഔചിത്യത്യത്തെ കുറിച്ചായിരുന്നു മാതൃഭൂമി ചാനല്‍ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ചോദ്യം.
പൊലീസ് ഒരു അതിക്രമവും നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ അത് പുറത്തുവരുമെന്നുമായിരുന്നു ഷംസീറിന്റെ മറുപടി. ഇത്തരമൊരു പത്രപരസ്യം നല്‍കുന്നതിന് മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ സര്‍ക്കാരിന് കാത്തിരുന്നായിരുന്നോ എന്ന ചോദ്യത്തിന് പൊലീസ് റിപ്പോര്‍ട്ട് വരുന്നത് വരെ മാതൃഭൂമിക്ക് കാത്തിരുന്നൂടെ എന്നായിരുന്നു ഷംസീറിന്റെ മറുചോദ്യം.
സര്‍, ഇത് മാതൃഭൂമിയുടെ വിഷയമല്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ നടപടിയല്ലേയെന്നുമുള്ള ചാനല്‍ അവതാരകന്റെ ചോദ്യത്തിന് ഞങ്ങളുടെ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് മാതൃഭൂമി തീരുമാനിക്കേണ്ടെന്നും നിങ്ങളുടെ വാര്‍ത്തകള്‍ എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ പറയാറില്ലല്ലോയെന്നുമായിരുന്നു ഷംസീറിന്റെ മറുപടി.
നിങ്ങള്‍ എന്നെ സംസാരിച്ചു തോല്‍പ്പിക്കാന്‍ വേണ്ടി ബഹളം വെക്കേണ്ടെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. പൊലീസ് മഹിജയെ സ്‌നേഹത്തോടെ പൊക്കിയെടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നില്ലെന്നും അവര്‍ മര്‍ദ്ദനത്തിന് ഇരയായതിന് തെളിവുകളുണ്ടെന്നുമുള്ള അവതാരകന്റെ പരാമര്‍ശത്തിന് ഇതിനെ കുറിച്ചൊന്നും പറയാന്‍ താന്‍ ഡോക്ടറോ ഐ.പി.എസ് ഓഫീസറോ അല്ലെന്നുമായിരുന്നു ഷംസീറിന്റ മറുപടി.